നിർണായക വിധി കാത്ത് ബിഹാർ; വോട്ടെടുപ്പ് പൂർത്തിയായി, രേഖപ്പെടുത്തിയത് 67.14 % പോളിങ്

പട്‌ന: ബിഹാറിലെ 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലേക്കുള്ള അവസാനഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയായി. അവസാനഘട്ടത്തിൽ 67.14 % പോളിങ് ആണ് രേഖപ്പെടുത്തിയത്. നവംബർ 6 ന് നടന്ന ആദ്യ ഘട്ടത്തിൽ 65.09 % മാത്രമായിരുന്നു പോളിങ്. 122 മണ്ഡലങ്ങളിലായി 3.7 കോടി വോട്ടർമാരാണ് ഉള്ളത്.
സംസ്ഥാനത്തെ ഏക മുസ്ലീം ഭൂരിപക്ഷ ജില്ലയായ കിഷൻഗഞ്ചിലാണ് ഏറ്റവും കൂടുതൽ പോളിങ് ശതമാനം രേഖപ്പെടുത്തിയത് - 76.26%. കതിഹാർ (75.23), പൂർണിയ (73.79), സുപോൾ (70.69), അരാരിയ (67.79) എന്നീ മണ്ഡലങ്ങളും തൊട്ടുപിന്നാലെയുണ്ട്. ദക്ഷിണ ബിഹാർ ജില്ലകളായ ജാമുയി (67.81 ശതമാനം), ഗയ (67.50 ശതമാനം), കൈമൂർ (67.22 ശതമാനം) എന്നിവിടങ്ങളിലും ഉയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തി.
രാവിലെ 7ന് ആരംഭിച്ച പോളിങ് വൈകുന്നേരം 5ന് അവസാനിച്ചു. പല ബൂത്തുകളിലും പോളിങ് സമയം കഴിഞ്ഞതിന് ശേഷവും സമ്മതിദായകരുടെ നീണ്ട നിര കാണപ്പെട്ടു. തിർഹുത്ത് മേഖലയിലെ 40 മണ്ഡലങ്ങളും മഗധിലെ 26 മണ്ഡലങ്ങളും സീമാഞ്ചലിലെ 24 മണ്ഡലങ്ങളും ശഹാബാദിലെ 22 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ കടപുഴകുമോ തേജസ്വി യാദവിന്റെ നേതൃത്വത്തിൽ മഹാസഖ്യം അധികാരത്തിലെത്തുമോയെന്ന് വെള്ളിയാഴ്‌ച അറിയാം.









0 comments