print edition മുഖ്യമന്ത്രി സ്ഥാനാർഥി ആരാകും?: ബിഹാർ എൻഡിഎ പുകയുന്നു


സ്വന്തം ലേഖകൻ
Published on Oct 20, 2025, 12:53 AM | 1 min read
ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനാർഥിയായി നിതീഷ്‌കുമാറിനെ അവതരിപ്പിക്കാനില്ലെന്ന് ബിജെപി ആവർത്തിച്ച് വ്യക്തമാക്കിയതോടെ ബിഹാർ എൻഡിഎ പുകയുന്നു. തന്നെ മുഖ്യമന്ത്രിമുഖമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്‌ചയിൽ നിതീഷ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അങ്ങനെയൊരു ഉറപ്പു നൽകില്ലെന്ന് വ്യക്തമാക്കുന്നതാണ് അമിത് ഷായുടെ പ്രതികരണങ്ങൾ. ഏറ്റവും ഒടുവിൽ ‘ആജ്‌തക്’ ചാനലിന് നൽകിയ അഭിമുഖത്തിലും നിതീഷ് മുഖ്യമന്ത്രി സ്ഥാനാർഥി അല്ലെന്ന് സൂചിപ്പിക്കുന്ന മറുപടിയാണ് ഷാ നൽകിയത്. എൻഡിഎ ഇക്കുറി തെരഞ്ഞെടുപ്പ് നേരിടുന്നത് നിതീഷിന്റെ നേതൃത്വത്തിലാണ് എന്നു മാത്രമാണ് അമിത്‌ഷാ പറഞ്ഞത്. പട്‌നയിൽ കഴിഞ്ഞദിവസം നടത്തിയ പ്രതികരണവും സമാനമായിരുന്നു.
ബിഹാറിൽ ജെഡിയുവിനെയും നിതീഷിനെയും പിടിച്ചുകെട്ടുക തന്നെയാണ് ബിജെപിയുടെ ലക്ഷ്യം. ജെഡിയുവും ബിജെപിയും 101 സീറ്റുവീതം പങ്കിട്ടെടുക്കാൻ ധാരണയായത് ഇതിനു തെളിവാണ്. 2020ൽ ജെഡിയു115 സീറ്റിലും ബിജെപി 110 സീറ്റിലുമാണ് മത്സരിച്ചത്. ജെഡിയു സീറ്റുകളിൽ എൻഡിഎ ഘടകകക്ഷിയായ എൽജെപിയെ മത്സരിപ്പിച്ച് ബിജെപി അവരുടെ സീറ്റുകളുടെ എണ്ണം പരമാവധി കുറച്ചു. ഇൗ തെരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർടിയും ഇതേപണി ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. തന്നെയും പാർടിയെയും ദുർബലപ്പെടുത്താനുള്ള ബിജെപിയുടെ രാഷ്‌ട്രീയ ഉപജാപങ്ങൾക്ക് നിതീഷ് എന്ത് പ്രതിവിധിയാണ് കണ്ടിട്ടുള്ളതെന്ന് രാഷ്‌ട്രീയവൃത്തങ്ങളിൽ ചർച്ച മുറുകുന്നുണ്ട്. ജെഡിയുവിന് സ്വാധീനമുള്ള മേഖലകളിൽ ബിജെപി സ്ഥാനാർഥികളെ തറപറ്റിക്കാനുള്ള തന്ത്രങ്ങൾ അദ്ദേഹം പ്രയോഗിക്കുമോയെന്ന സംശയവുമുണ്ട്. ‘മറുകണ്ടംചാടലുകൾക്ക്’ കുപ്രസിദ്ധനായ നിതീഷിൽനിന്ന് ഏത് നിമിഷവും എന്ത് നീക്കം വേണമെങ്കിലും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. അതനുസരിച്ചുള്ള ‘പ്ലാൻ ബി’ തയ്യാറാണെന്ന് ബിഹാറിലെ ബിജെപി നേതാക്കൾ പറയുന്നു.









0 comments