ഉപസമിതി രൂപീകരിച്ചു ; സിപിഐ എം 8 സീറ്റ് ആവശ്യപ്പെട്ടു
ബിഹാർ തെരഞ്ഞെടുപ്പ് ; പോരാട്ടത്തിന് ഉറച്ച് മഹാസഖ്യം


റിതിൻ പൗലോസ്
Published on Jun 14, 2025, 12:49 AM | 1 min read
ന്യൂഡൽഹി
വർഷാവസാനം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനായി ഐക്യത്തോടെ മുന്നോട്ടുനീങ്ങുമെന്ന് പ്രഖ്യാപിച്ച് മഹാസഖ്യത്തിന്റെ ഏകോപന സമിതി. പ്രവർത്തനം ശക്തിപ്പെടുത്താൻ ഉപസമിതികൾ രൂപീകരിച്ചു. മുൻ തെരഞ്ഞെടുപ്പിലെ പ്രകടനം അനുസരിച്ചായിരിക്കും സീറ്റ് വിഭജനം.
ആർജെഡി നേതാവ് തേജസ്വി യാദവിന്റെ വസതിയിൽ മൂന്നുമണിക്കൂറോളം നീണ്ട ചർച്ചയിലാണ് തീരുമാനം. സീറ്റ് വിഭജനത്തിൽ പ്രാഥമിക ചർച്ചയും നടന്നു. ഏകോപന സമിതിയായിരിക്കും സീറ്റ് ചർച്ചകൾ തുടരുക.
ആർജെഡി എംപി മനോജ് ഝാ അധ്യക്ഷനായ പ്രകടനപത്രികാ സമിതിയിൽ മുതിർന്ന സിപിഐ എം നേതാവ് സർവോദയ് ശർമയുമുണ്ട്. മുതിർന്ന നേതാവ് അരുൺ മിശ്ര മാധ്യമസമിതി അംഗമാണ്. ബിജെപിയെ തോൽപ്പിക്കാൻ ഐക്യത്തോടെയുള്ള പ്രവർത്തനം അനിവാര്യമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി ലലൻ ചൗധരി യോഗത്തിൽ പറഞ്ഞു.
2020ൽ നാലുസീറ്റിൽ മത്സരിച്ച സിപിഐ എം ഇത്തവണ എട്ട് സീറ്റ് ആവശ്യപ്പെട്ടു. ബിഭൂതിപുർ, മാഞ്ചി സീറ്റുകൾ പാർടി ജയിച്ചപ്പോൾ രണ്ടിടങ്ങളിൽ പരാജയപ്പെട്ടത് അഞ്ഞൂറ് വോട്ടിന്റെ മാത്രം വ്യത്യാസത്തിൽ. ഇവയ്‌ക്കുപുറമെ സംസ്ഥാന കമ്മിറ്റിയോഗം കണ്ടെത്തിയ മറ്റ് നാലുസീറ്റുകളാണ് ആവശ്യപ്പെട്ടത്.
ആകെ 29 സീറ്റിൽ മത്സരിച്ച ഇടതുപക്ഷ പാർടികൾ 16 സീറ്റിൽ ജയിച്ചപ്പോൾ 70 സീറ്റ് പിടിച്ചുവാങ്ങിയ കോൺഗ്രസിന് ജയിക്കാനായത്19 സീറ്റിൽ മാത്രം. പ്രകടനം അടിസ്ഥാനപ്പെടുത്തി സീറ്റ് വിഭജനമെന്ന തത്വം സ്വീകരിച്ചതോടെ കോൺഗ്രസിന് ഇത്തവണ സീറ്റു കുറയും.
0 comments