ബിഹാർ ; തൊഴിലില്ലായ്‌മ, അതിദാരിദ്ര്യം ചര്‍ച്ചയാകും

എം പ്രശാന്ത്
Published on Oct 08, 2025, 03:02 AM | 1 min read
ന്യൂഡൽഹി
ബിഹാറിൽ വോട്ടർപ്പട്ടികയുടെ തീവ്രപുനഃപരിശോധനയെ തുടർന്ന് പ്രതിപക്ഷ പാർടികൾ ഉയർത്തിയ ‘വോട്ടുമോഷണ’ ആരോപണത്തിനൊപ്പം തൊഴിലില്ലായ്‌മയും തൊഴിൽ തേടിയുള്ള പലായനവും അതിദാരിദ്ര്യവും തെരഞ്ഞെടുപ്പിൽ പ്രധാന വിഷയങ്ങളാകും. 20 വർഷമായി ഭരണത്തിലുള്ള എൻഡിഎക്ക് ജനകീയ വിഷയങ്ങൾ ഉയർത്തിയുള്ള പ്രതിപക്ഷ മഹാസഖ്യത്തിന്റെ പ്രചാരണങ്ങളെ പ്രതിരോധിക്കുക എളുപ്പമാകില്ല.
‘ഇരട്ട എഞ്ചിൻ’ സർക്കാരുകളുണ്ടായിട്ടും തൊഴിലില്ലായ്‌മയും ദാരിദ്ര്യവും പരിഹരിക്കാനാകാത്തത് എൻഡിഎയുടെ പ്രധാന പരാജയമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. 15–29 പ്രായക്കാർക്കിടയിൽ തൊഴിലില്ലായ്‌മ നിരക്ക് 23.2 ശതമാനമാണ്. ദേശീയ ശരാശരിയാകട്ടെ 15.9 ശതമാനവും. തൊഴിലിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുന്നവരുടെ എണ്ണത്തിൽ യുപിക്ക് പിന്നിൽ രണ്ടാമതാണ് ബിഹാർ.
നാടുവിടുന്നവരിൽ 39 ശതമാനവും തൊഴിലില്ലായ്‌മയാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ബിഹാറിലെ ജനസംഖ്യയിൽ 54.27 ശതമാനവും തൊഴിലെടുക്കുന്നത് കൃഷിയടക്കമുള്ള പ്രാഥമിക മേഖലയിലാണ്. എന്നാൽ സംസ്ഥാന ജിഡിപിയിൽ പ്രാഥമിക മേഖലയുടെ പങ്ക് 19.9 ശതമാനം മാത്രം. തൊഴിലെടുക്കുന്നതിൽ 8.5 ശതമാനം മാത്രമാണ് സ്ഥിരംജോലിയുള്ളവർ. തൊഴിൽ പങ്കാളിത്തം 43.6 ശതമാനമാണ്. ദേശീയതലത്തിലെ 56 ശതമാനത്തെക്കാൾ വളരെ കുറവ്. സ്‌ത്രീകളുടെ തൊഴിൽ പങ്കാളിത്തം 15.6 ശതമാനം മാത്രം.
അതിദാരിദ്ര്യമാണ് ബിഹാർ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രതിസന്ധി. ആളോഹരി വരുമാനം 32,174 രൂപ മാത്രം. ദേശീയതലത്തിൽ 1.07 ലക്ഷവും. 2021ലെ കണക്കുപ്രകാരം സംസ്ഥാനത്ത് 33.76 ശതമാനവും കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നു. ഗ്രാമീണ മേഖലയിൽ ഒരു കുടുംബത്തിന്റെ പ്രതിമാസ ശരാശരി ചെലവ് 3788 രൂപയും നഗരങ്ങളിൽ 5165 രൂപയുമാണ്. എൻഡിഎയുടെ ഭരണപരാജയം വിളിച്ചുപറയുന്നതാണ് ഇൗ കണക്കുകൾ.








0 comments