ബിഹാറില്‍ കുതിച്ച് ജെഡിയു; കോൺഗ്രസിന്റെ നില ദയനീയം, ഏഴിടത്ത് ഇടതുപാർടികൾ

ന്യൂഡൽഹി: ബിഹാറിലെ നിർണായക ജനവിധിയുടെ ആദ്യസൂചനകൾ പുറത്തുവരുമ്പോൾ ജെഡിയു കുതിപ്പ് തുടരുന്നു. മുഖ്യമന്ത്രി നിതിഷ് കുമാറിന്റെ ജെഡിയു 73 ഇടത്താണ് ലീഡ് ചെയ്തത്. ഇതോടെ ബിഹാറിൽ എൻഡിഎയ്ക്ക് കേവല ഭൂരിപക്ഷത്തിലേക്ക് അടത്തു. നിലവിൽ 161 സീറ്റിൽ എൻഡിഎ ലീഡ് ചെയ്യുകയാണ്. മഹാസഖ്യം 68 ഇടത്ത് ലീഡ് ചെയ്യുന്നു. എന്നാൽ 60 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് ഏഴ് സീറ്റുകളിൽ മാത്രമാണ് മുന്നേറാൻ കഴിയുന്നത്. 40 സീറ്റിൽ ലീഡ് ചെയ്യുന്ന ആർജെഡിയുടെ ശക്തിയിലാണ് മഹാസഖ്യത്തിന്റെ മുന്നേറ്റം.
അതേസമയം ഏഴിടത്ത് ഇടതുപാർടികൾ ലീഡ് ചെയ്യുന്നുണ്ട്. ഹയാഘട്ടിലെ ബിജെപി സിറ്റിങ് സീറ്റിൽ സിപിഐ എം സ്ഥാനാർഥി ശ്യാം ഭാരതിയാണ് ലീഡ് ചെയ്യുന്നത്. ബഖ്രിയിൽ സിപിഐ ലീഡ് നിലനിർത്തുമ്പോൾ ആറി സീറ്റിൽ സിപിഐ എംഎല്ലും ലീഡ് ചെയ്യുന്നു.
ബിഹാറിൽ രണ്ട്‌ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇരുഘട്ടങ്ങളിലും വനിതാവോട്ടർമാരുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായിരുന്നു. 71.6 ശതമാനം വനിതാവോട്ടർമാരും 62.8 ശതമാനം പുരുഷവോട്ടർമാരുമാണ് ഇക്കുറി വോട്ട് ചെയ്‌തത്. ബിഹാറിലെ 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലേക്കുള്ള അവസാനഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയായ്പോൾ 67.14 % പോളിങ് ആണ് രേഖപ്പെടുത്തിയത്. നവംബർ 6 ന് നടന്ന ആദ്യ ഘട്ടത്തിൽ 65.09 % മാത്രമായിരുന്നു പോളിങ്. 122 മണ്ഡലങ്ങളിലായി 3.7 കോടി വോട്ടർമാരാണ് ഉള്ളത്.









0 comments