സഹകരണ ബാങ്ക് പിടിക്കാൻ കേന്ദ്രം ; ബാങ്കിങ് നിയമഭേദഗതി ബില്ലും ത്രിഭുവൻ സഹകാരി ബില്ലും പാസാക്കി


എം അഖിൽ
Published on Mar 27, 2025, 02:56 AM | 1 min read
ന്യൂഡൽഹി : സഹകരണബാങ്കുകളിൽ പിടിമുറുക്കാൻ ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ബാങ്കിങ് നിയമ ഭേദഗതി ബിൽ പാർലമെന്റ് കടന്നു. കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബിൽ ശബ്‌ദവോട്ടോടെ രാജ്യസഭയും പാസാക്കി. ലോക്‌സഭ കഴിഞ്ഞ ഡിസംബറിൽ ബിൽ പാസാക്കിയിരുന്നു. സെൻട്രൽ കോ ഓപറേറ്റീവ് ബാങ്ക് ഡയറക്ടറെ സംസ്ഥാന കോ ഓപറേറ്റീവ് ബാങ്ക് ബോർഡിൽ പ്രവർത്തിക്കാൻ അനുവദിക്കുന്നത് ഉൾപ്പടെയുള്ള വിവാദ വ്യവസ്ഥകളാണുള്ളത്.
ബാങ്കുകളിൽ ഡയറക്ടർമാരുടെ ‘സബ്‌സ്‌റ്റാൻഷ്യൽ ഇന്ററസ്‌റ്റ്’ തുകയുടെ പരിധി അഞ്ച് ലക്ഷത്തിൽനിന്നും രണ്ട് കോടിയായോ 10 ശതമാനം ഓഹരികളായോ വർധിപ്പിക്കും. ബാങ്കുകൾ എല്ലാ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്‌ചകളിൽ റിപ്പോർട്ടിങ് നടത്തുന്നത് എല്ലാ മാസവും 15, 30 തിയതികളിലാക്കും. സഹകരണബാങ്കുകളിലെ ഡയറക്ടർമാരുടെ കാലാവധി (ചെയർമാനും മുഴുവൻസമയ ഡയറക്ടറും ഒഴികെയുള്ളവർ) എട്ടുവർഷത്തിൽനിന്നും 10 വർഷമാക്കി. ഓഡിറ്റർമാരുടെ പ്രതിഫലം ബാങ്കുകൾക്ക് നിശ്‌ചയിക്കാം. ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് നോമിനികളായി നാല് പേരെവരെ ശുപാർശ ചെയ്യാം. സഹകരണബാങ്കുകളുടെമേൽ നിയന്ത്രണം കേന്ദ്രീകരിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്ന് ചർച്ചയിൽ പങ്കെടുത്ത് വി ശിവദാസൻ എംപി ചൂണ്ടിക്കാട്ടി. ഡിജിറ്റൽ കാലത്തിന് അനുയോജ്യമായി ബാങ്കിങ് മേഖലയിൽ വലിയ സുരക്ഷാസജ്ജീകരണങ്ങൾ അനിവാര്യമാണ്. എന്നാൽ, അതേർപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു.
നിഷ്‌ക്രിയ ആസ്‌തികൾ തിരിച്ചുപിടിക്കുന്നതിൽ കേന്ദ്രസർക്കാർ പൂർണപരാജയമാണെന്നും പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഗുജറാത്ത് ആനന്ദിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്‌മെന്റിനെ (ഐആർഎംഎ) ഇന്ത്യയുടെ ആദ്യ സഹകരണ സർവകലാശാലയാക്കി മാറ്റുന്ന ‘ത്രിഭുവൻ സഹകാരി ബിൽ’ ലോക്‌സഭ പാസാക്കി. കേന്ദ്ര സഹകരണ മന്ത്രി അമിത്‌ഷാ അവതരിപ്പിച്ച ബിൽ ശബ്‌ദവോട്ടോടെയാണ് പാസാക്കിയത്.
സിപിഐ എം ലോക്‌സഭാ കക്ഷിനേതാവ് കെ രാധാകൃഷ്‌ണൻ ഉൾപ്പടെയുള്ള അംഗങ്ങൾ മുന്നോട്ടുവച്ച നിർണായക ഭേദഗതികൾ തള്ളിയാണ് ബില്ലിന് അംഗീകാരം നൽകിയത്. ബില്ലിന്റെ ഉള്ളടക്കം സംബന്ധിച്ച് പ്രതിപക്ഷം ഉയർത്തിയ വിഷയങ്ങൾക്ക് അമിത്‌ഷാ കൃത്യമായ മറുപടിയും നൽകിയില്ല.
0 comments