വായ്‌പയെടുത്ത് വ്യാജ കമ്പനികളിലേക്ക് വകമാറ്റി തട്ടിപ്പ് നടത്തിയെന്ന കേസിലാണ് നടപടി
print edition അനിൽ അംബാനിയുടെ 3000 കോടിയുടെ സ്വത്ത് പിടിച്ചെടുത്തു

ന്യൂഡൽഹി
അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഗ്രൂപ്പിന്റെ മൂവായിരം കോടി രൂപയിലേറെ വരുന്ന സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) പിടിച്ചെടുത്തു. മുംബൈയിലെ പാലി ഹിൽസിലുള്ള വസതി, ഡൽഹി റിലയൻസ് സെന്റർ, ഡൽഹി, നോയിഡ, മുംബൈ, ഗോവ, പുണെ, ഹൈദരാബാദ്, ചെന്നൈ, ഇൗസ്റ്റ് ഗോദാവരി, കാഞ്ചീപുരം എന്നിവിടങ്ങളിലുള്ള ഫ്ലാറ്റ്, ഓഫീസ്, ഭൂസ്വത്ത് മറ്റ് സ്വത്തുവകകൾ തുടങ്ങിയവയാണ് അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്തത്.
ബാങ്കിൽനിന്ന് കോടികൾ വായ്‌പയെടുത്ത് വ്യാജ കമ്പനികളിലേക്ക് വകമാറ്റിയശേഷം അനുബന്ധ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലെത്തിച്ച് തട്ടിപ്പ് നടത്തിയെന്നാണ് അനിൽ അംബാനി ഗ്രൂപ്പിനെതിരായ ആരോപണം. ആഗസ്‌ത് അഞ്ചിന് അനിൽ അംബാനിയെ ഡൽഹിയിലെ ഇഡി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്‌തിരുന്നു. ഇന്ത്യ വിടുന്നതും വിലക്കി.
2017–19ൽ യെസ് ബാങ്കിൽ നിന്ന് റിലയൻസ് ഗ്രൂപ്പ് കമ്പനികൾ ഭീമമായ തുക വായ്‌പയെടുത്തിരുന്നു. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് 2965 കോടിയുടെയും റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് ലിമിറ്റഡ് 2045 കോടിയുടെയും വായ്‌പയാണെടുത്തത്. ഇത് കിട്ടാക്കടമായി. റിലയൻസ് ഹോം ഫിനാൻസ് 1353 കോടി രൂപയും റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് 1984 കോടി രൂപയുമാണ് തിരിച്ചടയ്‌ക്കേണ്ടത്.
ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് കോഴ നൽകിയാണ് വായ്‌പ തരപ്പെടുത്തിയതെന്ന ആരോപണവും അന്വേഷിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ജൂലൈയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 35 ഇടങ്ങളിൽ ഇഡി തിരച്ചിൽ നടത്തിയിരുന്നു. അനിൽ അംബാനിയുടെ ക്രമക്കേടുകൾ സിബിഐയും അന്വേഷിക്കുന്നുണ്ട്.









0 comments