ആന്ധ്രയിൽ 4.5 കോടിയുടെ രക്തചന്ദന തടികളുമായി മൂന്ന് പേർ പിടിയിൽ

photo credit: X
ഹൈദരാബാദ്: തെലുങ്ക് ചിത്രമായ "പുഷ്പ"യെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആന്ധ്രയിൽ വൻ രക്തചന്ദനക്കടത്ത്. 4.5 കോടി രൂപ വിലമതിക്കുന്ന രക്തചന്ദന തടികളുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിന് സമീപം കഴിഞ്ഞ ദിവസം തിരുപ്പതി ആന്റി സ്മഗ്ലിങ് ടാസ്‌ക് ഫോഴ്‌സ് നടത്തിയ വാഹന പരിശോധനയിലാണ് അന്തർസംസ്ഥാന കള്ളക്കടത്ത് സംഘം പിടിയിലായത്.
തമിഴ്‌നാട് സ്വദേശി മണി എന്ന നരേന്ദ്ര കുമാർ, അസം സ്വദേശി ബിനോയ് കുമാർ ഭഗത്, രാജസ്ഥാൻ സ്വദേശി വിജയ് ജോഷി എന്നിവരാണ് രക്തചന്ദനക്കടത്തിൽ അറസ്റ്റിലായത്. കണ്ടെയ്‌നർ ലോറിയിൽ ഏഴ് ടൺ രക്തചന്ദന തടികളുമായാണ് ഇവർ പിടിയിലായത്. അസമിലേക്ക് തടികൾ കടത്താൻ സംഘം ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്.
സംഘത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്. സംസ്ഥാനത്ത് പരിശോധന ശക്തമാക്കിയതായും അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരികയാണെന്നും അധികൃതർ അറിയിച്ചു.
Related News

0 comments