അഹമ്മദാബാദ് വിമാന അപകടം
പരിസരത്ത് ആരൊക്കെയാണ് മരിച്ചതെന്ന് തിട്ടപ്പെടുത്താനായില്ല, ആശുപത്രിയിൽ എത്തിയത് 270 മൃതദേഹങ്ങൾ

അഹമ്മദാബാദ്: ഗുജറാത്തിലെ സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്നും എയർ ഇന്ത്യ വിമാനം പറന്നുയരുന്നതിനിടെ തകർന്ന് വീണ് ഉണ്ടായ ദുരന്തത്തിന് ഇരയായവരിൽ 32 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. കോളേജിലെ ജൂനിയർ ഡോക്ടർമാരുടെ മേധാവി ഡോ ധവാൽ ഗമേതി ആശുപത്രിയിൽ ഇതുവരെ 270 പേരുടെ മൃതദേഹങ്ങൾ എത്തിയതായി സ്ഥിരീകരിച്ചു.
മിച്ചവരിൽ 241 പേർ AI171 വിമാനത്തിലെ യാത്രക്കാരും ജീവനക്കാരുമാണ്. യാത്രക്കാരിൽ ഒരാൾ മാത്രമാണ് രക്ഷപെട്ടത്. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ രമേശ് ആണ് അത്ഭുതകരമായി ചെറിയ പരുക്കുകളോടെ രക്ഷപെട്ടത്.
32 പേരുടെ ഡിഎൻഎ പൊരുത്തം സ്ഥിരീകരിച്ചതിൽ 14 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയതായി സിവിൽ ആശുപത്രി അധികൃതർ ഞായറാഴ്ച അറിയിച്ചു. ഡിഎൻഎ സാമ്യ പരിശോധനാ ഫലം ലഭിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം ഇന്നുതന്നെ ബന്ധുക്കൾക്ക് കൈമാറും.
ഉയർന്ന ചൂടിൽ കത്തിക്കരിഞ്ഞു,
തിരിച്ചറിയലും വെല്ലുവിളി
ഡിഎൻഎ പൊരുത്തപ്പെടുത്തൽ പൂർത്തിയാക്കാൻ 72 മണിക്കൂർ വരെ എടുക്കുമെന്നാണ് ആശുപത്രി അധികാരികളുടെ വിശദീകരണം. സർക്കാർ ഭാഗത്തു നിന്നുണ്ടാവുന്ന കാലതാമസത്തിൽ മരണപ്പെട്ട യാത്രക്കാരുടെ ബന്ധുക്കൾ ഇതിൽ പ്രതിഷേധം അറിയിച്ചു.
വിമാനത്തിന്റെ കത്തികരിഞ്ഞ ഭാഗത്ത് നിന്ന് ഞായറാഴ്ചയും ഒരു മൃതദേഹ അവശിഷ്ടം ലഭിച്ചു. ഇത് എയർ ഹോസ്റ്റസിന്റെ ആവാം എന്നാണ് നിഗമനം. ശരീരഭാഗങ്ങൾ ഉയർന്ന ചൂടിൽ കത്തികരിഞ്ഞ നിലയിൽ ആയതിനാൽ വേർപെടുത്തി മനസിലാക്കുന്നത് പോലും വെല്ലുവിളിയായ സാഹചര്യമാണ്.
270 മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തി എന്ന് പറയുമ്പോഴും വിമാനം പതിച്ച ഡോക്ടർമാരുടെ ഹോസ്ററലിലും പരിസരത്തും ഉണ്ടായിരുന്ന എത്ര പേർ ദുരന്തത്തിന് ഇരയായി എന്ന് ഇതുവരെയും തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. യാത്രക്കാരെ അവരുടെ ബോർഡിങ് പാസ് വഴിയാണ് തിരിച്ചറിഞ്ഞത്. ഇത് പരമാവധി 241 പേരാണ്. ശേഷിച്ചത് പരിസരവാസികളാവാം. എന്നാൽ ഇവരുടെ എണ്ണമോ പേര് വിവരങ്ങളോ കൃത്യമാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.
സെക്കന്റുകളുടെ വ്യത്യാസത്തിലാണ് അടുത്തുള്ള ആശുപത്രികളും റെസിഡൻഷ്യൽ ഫ്ലാറ്റുകളും ദുരന്തത്തിൽ നിന്നും ഒഴിവായത്. 1200 കിടക്കകളുള്ള സിവിൽ ആശുപത്രി ഉൾപ്പെടെ മൂന്ന് ആശുപത്രികൾ പരിസരത്തുണ്ട്. തൊട്ടുവലത് വശത്തായി കന്റോൺമെന്റിനുള്ളിലെ മിലിട്ടറി ആശുപത്രിയാണ്. സമീപത്ത് സിവിൽ ആശുപത്രി, അൽപ്പം കൂടി അകലെ ഗുജറാത്ത് കാൻസർ സൊസൈറ്റി മെഡിക്കൽ കോളേജ്. മേഘാനി നഗറിലെ കോളനിയിൽ 151 ബ്ലോക്കുകളുണ്ട് ഓരോന്നിലും 24 ഫ്ലാറ്റുകളിലായി കുടുംബങ്ങൾ താമസിക്കുന്നു.
ദുരന്തത്തിന് ഇരയായ ക്യാപ്റ്റനും ക്രൂ മേധാവികളും
ബോയിംഗിന്റെ ശക്തമായ സുരക്ഷാ റെക്കോർഡും മാരകമായ അപകടങ്ങളുമില്ലാത്ത ഒരു പുതിയ ശ്രേണി ജെറ്റാണ് അപകടത്തിൽപ്പെട്ട 787-8 ഡ്രീംലൈനർ. VT-ANB എന്ന പേരിൽ രജിസ്റ്റർ ചെയ്തതും 2013 ഡിസംബറിൽ സർവീസ് ആരംഭിച്ചതുമാണ്.
ബാറ്ററി പ്രശ്‌നങ്ങൾ ഒരിക്കൽ ഫ്ലീറ്റിനെ നിലംപരിശാക്കിയിരുന്നു, എന്നാൽ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭാരം കുറഞ്ഞ സംയോജിത വസ്തുക്കളുടെ ഉപയോഗം കാരണം ഇത് കൂടുതൽ ഇന്ധനക്ഷമതയുള്ളതിനാൽ വിമാനക്കമ്പനികൾക്കിടയിൽ ജനപ്രിയമാണ്. ജനറൽ ഇലക്ട്രിക് കമ്പനിയുടെ രണ്ട് GEnx എഞ്ചിനുകളാണ് വിമാനത്തിന് കരുത്ത് പകരുന്നത്.
0 comments