അഹമ്മദാബാദ് വിമാനാപകടം: കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ കണ്ടെത്തി, ആഭ്യന്തര അന്വേഷണ സമിതി യോഗം ഇന്ന്

photo credit: pti
അഹമ്മദാബാദ്: അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. 270 പേരുടെ മരണത്തിന് കാരണമായ അപകടത്തിന് പിന്നിലെ കാരണം തിരിച്ചറിയാൻ സഹായിക്കുന്ന നിർണായക കണ്ടെത്തലാണിത്.
വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ (എഫ്ഡിആർ) മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) നേരത്തെ സ്ഥിരീകരിച്ചിരുന്നു.
വിമാനം അമേരിക്കൻ നിർമിതമായതിനാൽ എഎഐബി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) അന്താരാഷ്ട്ര പ്രോട്ടോക്കോളുകൾക്ക് കീഴിൽ സമാന്തര അന്വേഷണം നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
അപകടം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ കണ്ടെത്തിയത്.
വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകളും കണ്ടെത്തിയതോടെ അപകടത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ കണ്ടെത്താനാകും എന്നാണ് കരുതുന്നത്.
വിമാന ദുരന്തം അന്വേഷിക്കുന്ന ആഭ്യന്തര അന്വേഷണ സമിതി ഇന്ന് യോഗം ചേരും. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് യോഗം ചേരുന്നത്. നിലവിലെ അന്വേഷണം സമിതി വിലയിരുത്തും. പ്രധാന മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കഴിഞ്ഞ ദിവസം ദുരന്ത സ്ഥലം സന്ദർശിച്ചിരുന്നു. കൂടുതൽ ഡി എൻ എ പരിശോധന ഫലവും ഇന്ന് പുറത്ത് വരും.
0 comments