താമരശേരിയിൽ യുവാവ് സഹോദരനെ വെട്ടി പരിക്കേൽപ്പിച്ചു

താമരശേരി: കോഴിക്കോട് ലഹരിയ്ക്ക് അടിമയായ യുവാവ് സഹോദരനെ വെട്ടി പരിക്കേൽപ്പിച്ചു. താമരശേരി ചമൽ കാരപ്പറ്റ പുരയിൽ അഭിനന്ദ് (23)നാണ് വെട്ടേറ്റത്. അഭിനന്ദിന്റെ സഹോദരൻ അർജുനനാണ് വെട്ടി പരിക്കേൽപ്പിച്ചത്.
ഇന്ന് വൈകീട്ട് 5.15 ഓടെയായിരുന്നു സംഭവം. ഉച്ചയ്ക്ക് വീടിന് സമീപത്തു നിന്ന് മദ്യപിച്ചതിനെ തുടർന്ന് അർജുനനും അയൽവാസിയായ സ്ത്രീയും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. തുടർന്ന് അമ്മയെയും സഹോദരിയെയും അസഭ്യം പറഞ്ഞത് അഭിനന്ദ് ചോദ്യം ചെയ്തിരുന്നതായാണ് വിവരം.
ഈ വിരോധത്തിലാണ് അർജുനൻ അനുജനെ വെട്ടിയത്. ആക്രമണം കണ്ട അമ്മയും സഹോദരിയും ഭയന്ന് ഓടി മാറി. പരിക്കേറ്റ അഭിനന്ദിനെ അയൽക്കാർ താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ താമരശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അർജുനൻ പൊലീസ് പിടിയിലായതായാണ് വിവരം.
0 comments