Deshabhimani

ലോക ഇന്റർനെറ്റ് ദിനത്തിൽ അഭിമാനത്തോടെ കെ ഫോൺ

kfon
വെബ് ഡെസ്ക്

Published on May 17, 2025, 02:43 PM | 1 min read

തിരുവനന്തപുരം: ലോക ഇന്റർനെറ്റ് ദിനത്തിൽ അഭിമാനത്തോടെ കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ്‌ പദ്ധതിയായ കെ ഫോൺ. നഗരങ്ങളിൽ ഹൈസ്പീഡ് ബിസിനസ് കണക്ഷനുകൾ മുതൽ മലയോരഗ്രാമങ്ങളിൽ സൗജന്യ ബിപിഎൽ കണക്ഷൻ വരെ നൽകികൊണ്ട് കേരളത്തിന്റെ മുക്കിലും മൂലയിലും കെ ഫോൺ എത്തിച്ചുകൊണ്ടിരിക്കുകയാണ്.


ബിപിഎൽ കുടുംബങ്ങൾക്ക്‌ സൗജന്യമായും മറ്റുള്ളവർക്ക്‌ കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ്‌ എത്തിക്കുന്ന എൽഡിഎഫ്‌ സർക്കാരിന്റെ പദ്ധതി വഴി ഇതുവരെ 95,257 കണക്‌ഷനുകളാണ്‌ നൽകിയത്‌. 8947 ബിപിഎൽ വീടുകളിൽ നിലവിൽ കണക്‌ഷൻ എത്തിച്ചു കഴിഞ്ഞു. ബിപിഎൽ വിഭാഗങ്ങൾക്കുള്ള ഡാറ്റാ പരിധിയിൽ വൻവർധനവ്‌ വരുത്തി മാസം 1000 ജിബിയാക്കി ഉയർത്തിയിട്ടുണ്ട്‌. നേരത്തെ 20 എംബിപിഎസ് വേഗതയിൽ ദിവസം 1.5 ജിബി വീതമാണ്‌ ലഭ്യമായിരുന്നത്‌. അതിവിദൂര ആദിവാസി ഉന്നതികളിലടക്കം കണക്‌ഷൻ എത്തിക്കാനായി.


30,000 സർക്കാർ ഓഫീസുകളിൽ 23,163 ഇടത്തും ഇതിനകം കണക്‌ഷൻ നൽകി. 60,353 വാണിജ്യ കണക്‌ഷനും 2801 സ്വകാര്യ സ്ഥാപനങ്ങളിലും ഇന്റർനെറ്റ്‌ എത്തിച്ചു. ഒമ്പത്‌ ഡാർക്ക്‌ ഫൈബർ കണക്‌ഷനുകൾ വാടകയ്‌ക്കും പ്രത്യേക ഇവന്റുകൾക്കായി 14 കണക്‌ഷനും ഇതിനകം നൽകി. ആദ്യ ഘട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന പട്ടികയിൽനിന്നാണ്‌ ബിപിഎൽ കണക്‌ഷൻ നൽകിയിരുന്നത്‌.


എന്നാൽ, ഇപ്പോൾ ബിപിഎൽ കുടുംബങ്ങൾക്ക്‌ നേരിട്ട്‌ കണക്‌ഷന്‌ അപേക്ഷിക്കാനാകും. മറ്റു സർവീസ്‌ പ്രൊവൈഡർമാരുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ നെറ്റ്‌വർക്കാണ് കെ ഫോണിന്റേത്. 31153 കിലോ മീറ്റർ ഫൈബർ ഒപ്റ്റിക് കേബിൾ പൂർത്തിയാക്കിയിട്ടുണ്ട്‌. ഐഎസ്‌പി ലൈസൻസും ഐപി ഇൻഫ്രസ്ട്രക്ചർ ലൈസൻസും എൻഎൽഡി (നാഷണൽ ലോങ്‌ ഡിസ്റ്റൻസ്സ്) ലൈസൻസും കെ ഫോണിന് സ്വന്തമാണ്.


ഒടിടി പ്ലാറ്റ്‌ഫോം ഉടൻ


കെ ഫോണിന്റെ ഒടിടി പ്ലാറ്റ്‌ ഫോമും ഉടൻ സജ്ജമാകും. ഇതിനുള്ള ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണ്‌. ദക്ഷിണേന്ത്യൻ ടിവി ചാനലുകളും സിനിമകളും ഒടിടിയിൽ ലഭ്യമാകും.



deshabhimani section

Related News

View More
0 comments
Sort by

Home