'ശരീരമാകെ മുറിവേൽപ്പിച്ചു', രാഹുലിനെയും ഒപ്പമുള്ളവരെയും ഭയമെന്ന് യുവതി

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഉയർന്നുവരുന്നത് നിരവധി പീഡന പരാതികൾ. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായാണ് ബംഗളൂരു സ്വദേശിയുടെ വെളിപ്പെടുത്തൽ. രാഹുൽ വിവാഹ ആലോചനയുമായി ബംഗളുരുവിലെത്തിയതായും തുടർന്ന് കേരളത്തിലെത്തിയപ്പോഴാണ് പീഡനത്തിനിരയായതെന്നും യുവതി പറയുന്നു.
'കാറിൽ കയറ്റി റിസോർട്ട് പോലെയുള്ള ഒരു സ്ഥലത്തേക്ക് കൊണ്ടു പോയി. രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാൻ ആണ് കാർ ഓടിച്ചിരുന്നത്. റിസോർട്ടിലെത്തി മുറിയിൽ കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. ശരീരമാകെ മുറിവേൽപ്പിച്ചു. അതിക്രൂരമായ പീഡനത്തിനാണിരയാക്കിയത്. ശാരീരികമായും മാനസികമായും തളർന്നു.
ആക്രമണം നടത്തിയതിന് ശേഷം രാഹുൽ വിവാഹ വാഗ്ദാനം പിൻവലിച്ചു. തന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കിയതിന് ശേഷം മാത്രമേ വിവാഹത്തെക്കുറിച്ച് ആലോചിക്കൂ എന്നാണ് പറഞ്ഞത്. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല.
താൻ ഏത് നിമിഷവും ആക്രമിക്കപ്പെടാമെന്ന ആശങ്കയുണ്ട്. രാഹുലിനെയും ഒപ്പമുള്ളവരെയും ഭയമാണ്. സൈബർ ആക്രമണം ഭയന്നാണ് പൊലീസിൽ പരാതിപ്പെടാത്തത്. തന്നെപ്പോലെ ഒരുപാട് പെൺകുട്ടികളെ രാഹുൽ ആക്രമിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകുന്നത്. ഉചിതമായ നടപടി എടുക്കണ'മെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.








0 comments