വയനാട്‌ നിയമന തട്ടിപ്പ്‌; കോൺഗ്രസ്‌ നേതാവിനെതിരെ പരാതി

K L Paulose

രാഹുൽ ഗാന്ധിയോടൊപ്പം കെ എൽ പൗലോസ്.

വെബ് ഡെസ്ക്

Published on Feb 07, 2025, 03:56 PM | 1 min read

കൽപ്പറ്റ: വയനാട് ബാങ്ക് നിയമന തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വീണ്ടും പരാതി. കെപിസിസി എക്‌സിക്യൂട്ടീവ് അംഗം കെ എല്‍ പൗലോസിനെതിരെയാണ്‌ ഇപ്പോൾ പരാതി വന്നിരിക്കുന്നത്‌. പൗലോസ്‌ പണം തട്ടിയതായി ബത്തേരി പൊലീസിനാണ്‌ പരാതി ലഭിച്ചത്‌. പുല്‍പ്പള്ളി സ്വദേശി സനു രാജപ്പനാണ് പരാതിക്കാരൻ.


പാടിച്ചിറ സഹകരണ ബാങ്കില്‍ നിയമനത്തിനായി 12 ലക്ഷം നല്‍കിയെന്നും കട ബാധ്യതയിലായതോടെ ആത്മഹത്യക്ക് ശ്രമിച്ചുവെന്നും രാജപ്പൻ പരാതിയില്‍ പറയുന്നു. കെ എല്‍ പൗലോസ്, വാഴയില്‍ ജോയി, വര്‍ഗീസ് മുരിയങ്കാവില്‍, ജോര്‍ജ്ജ് തട്ടമ്പറമ്പില്‍ എന്നിവര്‍ പണം തട്ടിയതായാണ് പരാതി.


ബത്തേരി അർബൻ ബാങ്ക് നിയമന തട്ടിപ്പ് കേസിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ ഉൾപ്പെടെയുള്ള കോൺഗ്രസ്‌ നേതാക്കൾക്കെതിരെ പരിശോധനയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രംഗത്തെത്തിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ കോൺഗ്രസ്‌ നേതാക്കൾക്കെതിരെ പുതിയ പരാതി ഉയർന്നത്.


നേരത്തെ ബാങ്കില്‍ അനധികൃതമായി നിയമനം നടത്തുന്നതിനായി ഐ സി ബാലകൃഷ്ണന്‍ ഉദ്യോഗാര്‍ത്ഥികളുടെ പട്ടിക നല്‍കിയിരുന്നതായി ബാങ്ക് മുന്‍ ചെയര്‍മാന്‍ ഡോ. സണ്ണി ജോര്‍ജിന്റേതാണ് വെളിപ്പെടുത്തിയിരുന്നു. നിയമനവുമായി ബന്ധപ്പെട്ട് എംഎൽഎ വലിയ തുക കോഴയായി വാങ്ങിയെന്ന നിരവധി പരാതികളും ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് സമ​ഗ്ര അന്വേഷണത്തിന് ഇ ഡി തയാറെടുക്കുകയാണ്. കേസ് രേഖകൾ കൈമാറാൻ ആവശ്യപ്പെട്ട് വയനാട് എസ്പിക്കും ബാങ്കിനും ഇ ഡി നോട്ടീസ് അയച്ചിട്ടുണ്ട്‌.



deshabhimani section

Related News

0 comments
Sort by

Home