എൻ എം വിജയന്റെയും മകന്റെയും മരണം: കോൺ​ഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം

wayanad udf
വെബ് ഡെസ്ക്

Published on Jan 18, 2025, 04:28 PM | 1 min read

കൽപ്പറ്റ: വയനാട്‌ ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണത്തിലുള്ള ആത്മഹത്യാ പ്രേരണാക്കേസിൽ കോൺ​ഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം. കേസിൽ പ്രതികളായ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചൻ, കെ കെ ​ഗോപിനാഥൻ എന്നിവർക്കാണ് കൽപ്പറ്റയിലെ ജില്ലാ പ്രിൻസിപ്പൽ ആൻഡ്‌ സെഷൻസ്‌ കോടതി ജാമ്യം അനുവദിച്ചത്.


ഐ സി ബാലകൃഷ്‌ണനും എൻ ഡി അപ്പച്ചനുമുൾപ്പെടെയുള്ളവർ തട്ടിയെടുത്ത പണത്തിന്റെയും പാർടിക്കുവേണ്ടി ഏറ്റെടുക്കേണ്ടിവന്ന ലക്ഷങ്ങളുടെയും ബാധ്യത ഉള്ളതിനാലാണ്‌ ജീവനൊടുക്കുന്നതെന്നായിരുന്നു വിജയന്റെ ആത്മഹത്യാക്കുറിപ്പ്‌. എൻ എം വിജയന്റെ മകനെ പിരിച്ചുവിട്ട ഒഴിവിൽ അനധികൃത നിയമനത്തിന്‌ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ നൽകിയ ശുപാർശക്കത്തും പുറത്തുവന്നു.


ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്ത ആളെ പിരിച്ചുവിട്ട്‌ മറ്റൊരാൾക്ക്‌ നിയമനം നൽകാനായി ഐ സി ബാലകൃഷ്‌ണൻ കൈക്കൂലി വാങ്ങിയതായി എൻ എം വിജയൻ ആത്മഹത്യാക്കുറിപ്പിലും പറഞ്ഞിരുന്നു. ഐ സി ബാലകൃഷ്‌ണൻ ഡിസിസി പ്രസിഡന്റായിരിക്കെ എംഎൽഎയുടെ ഔദ്യോഗിക ലെറ്റർ പാഡിലാണ്‌ ബത്തേരി അർബൻ ബാങ്ക്‌ പ്രസിഡന്റിന്‌ കത്ത്‌ നൽകിയത്‌. ബാങ്ക്‌ നിയമനത്തിൽ നടന്ന കോഴ ഇടപാടുകൾക്കുള്ള ശക്തമായ തെളിവാണ്‌ ഐ സി ബാലകൃഷ്‌ണൻ നൽകിയ നിയമന ശുപാർശക്കത്ത്‌.


വിജയനോടൊപ്പം ജീവനൊടുക്കിയ മകൻ ജിജേഷിനെയാണ്‌ ബത്തേരി അർബൻ ബാങ്കിലെ പാർട്‌ ടൈം സ്വീപ്പർ തസ്‌തികയിൽനിന്ന്‌ പിരിച്ചുവിട്ട്‌ മറ്റൊരാളെ നിയമിച്ചത്‌. ജിജേഷ്‌ ഏഴുവർഷം ദിവസവേതനത്തിന്‌ ജോലിചെയ്‌തിരുന്നു. ബത്തേരി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി സെക്രട്ടറി ബാലകൃഷ്‌ണന്റെ മകൾ സി ബി അനിലയ്‌ക്ക്‌ ജോലി നൽകാനാവശ്യപ്പെട്ടാണ്‌ ഐ സി ബാലകൃഷ്‌ണൻ ശുപാർശക്കത്ത്‌ നൽകിയത്‌. ബാങ്കിൽ അനധികൃത നിയമനത്തിന് ഐ സി ബാലകൃഷ്ണൻ എംഎൽഎ 17 പേരുടെ പട്ടിക നൽകിയിരുന്നതായി ബാങ്ക് മുൻ ചെയർമാൻ ഡോ. സണ്ണി ജോർജും വെളിപ്പെടുത്തിയിരു.ന്നു.



deshabhimani section

Related News

0 comments
Sort by

Home