കോൺഗ്രസ് നിയമനക്കോഴ ; കെ എൽ പൗലോസിനെതിരെ കൂടുതൽ വെളിപ്പെടുത്തൽ

സനു രാജപ്പനും അച്ഛൻ രാജപ്പനും അമ്മ രാജമ്മയും
കൽപ്പറ്റ : കോൺഗ്രസ് നിയമനക്കോഴയിൽ മുൻ വയനാട് ഡിസിസി പ്രസിഡന്റ് കെ എൽ പൗലോസിനെതിരെ കൂടുതൽ ആരോപണങ്ങളുമായി പാടിച്ചിറ ബാങ്ക് ജീവനക്കാരനും കുടുംബവും. കോൺഗ്രസ്–-ബ്ലേഡ് മാഫിയ കൂട്ടുകെട്ടിന്റെ ഇരയായെന്ന് ബാങ്ക് ജീവനക്കാരൻ പാടിച്ചിറ വാക്കനോലിൽ സനു രാജപ്പൻ പറഞ്ഞു. ‘മെറിറ്റിൽ ലഭിച്ച ജോലിക്ക് ലക്ഷങ്ങൾ കോഴ കൊടുക്കേണ്ടിവന്നു.
പലിശക്ക് വാങ്ങിയാണ് പണം നൽകിയത്. പലിശ തിരിച്ചുകൊടുക്കാത്തതിനാൽ വധഭീഷണിയുണ്ടായി. ആത്മഹത്യക്കുവരെ ശ്രമിച്ചു. ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ എല്ലാം പറഞ്ഞിട്ടുണ്ട്’–- സനു രാജപ്പൻ പറഞ്ഞു.
‘ഏഴ് കറവപ്പശുക്കളെ വിറ്റ് ലഭിച്ച 3.5 ലക്ഷത്തിനൊപ്പം നാലുപേരിൽനിന്നായി വട്ടിപ്പലിശയ്‌ക്ക് എട്ടരലക്ഷം രൂപ കടം വാങ്ങിയുമാണ് നൽകിയതെന്ന് സനുവിന്റെ അച്ഛൻ രാജപ്പനും അമ്മ രാജമ്മയും പറഞ്ഞു. ‘സി പി കുര്യാക്കോസിൽനിന്ന് രണ്ടുലക്ഷം രൂപ വാങ്ങി. ഇയാൾക്ക് ചെക്ക് കൊടുത്തിരുന്നു. പലിശ ക്രമത്തിന് കൊടുക്കാനായില്ല. ഇതോടെയാണ് വധഭീഷണിയുണ്ടായത്. രണ്ടുതവണ മകൻ ആത്മഹത്യക്ക് ശ്രമിച്ചു.
രണ്ടുപ്രാവശ്യവും രക്ഷപ്പെടുത്താനായി. പിന്നീട് കെ എൽ പൗലോസ് വീട്ടിൽ വന്നു. പ്രശ്‌നം പരിഹരിക്കാമെന്നും ഭീഷണിപ്പെടുത്തിയാൽ പറഞ്ഞാൽ മതിയെന്നും പറഞ്ഞു. കരാർ രേഖയും പകർപ്പും മറ്റൊരാളെവിട്ട് കൊണ്ടുപോയി. പിന്നീട് കുര്യാക്കോസ് ഗുണ്ടകളെ കൊണ്ട് ഭീഷണിപ്പെടുത്തിയിട്ടും പൗലോസ് ഇടപെട്ടില്ല. കുര്യാക്കോസിനെ സംരക്ഷിക്കുകയാണ് ചെയ്‌തത്. ഞങ്ങൾ പട്ടികജാതിക്കാരാണ്. ജീവിക്കാൻ അനുവദിക്കണം’–-രാജപ്പൻ പറഞ്ഞു.
പാടിച്ചിറ സഹകരണ ബാങ്കിലെ നിയമനത്തിന് പൗലോസ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ 12 ലക്ഷം രൂപ കോഴവാങ്ങിയെന്നാണ് സനു രാജപ്പൻ ബത്തേരി ഡിവൈഎസ്‌പിക്ക് നൽകിയ പരാതി. കെ എൽ പൗലോസ് നിർദേശിച്ചതുപ്രകാരമാണ് കുര്യാക്കോസ് ഉൾപ്പെടെയുള്ളവരിൽനിന്ന് പണം വാങ്ങിനൽകിയതെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്. വധഭീഷണിയുണ്ടെന്ന സനു രാജപ്പന്റെ പരാതി ബത്തേരി ഡിവൈഎസ്‌പി പുൽപ്പള്ളി പൊലീസിന് കൈമാറി.
Tags
Related News

0 comments