കോഴയ്‌ക്ക്‌ തെളിവായി മുൻ ഡിസിസി പ്രസിഡന്റിന്റെ പുസ്‌തകം

wayanad dcc scam book

പ്രൊഫ. കെ പി തോമസ്‌ രചിച്ച പുസ്‌തകങ്ങൾ

avatar
വി ജെ വർഗീസ്‌

Published on Jan 31, 2025, 12:05 AM | 1 min read


കൽപ്പറ്റ

ബത്തേരി അർബൻ ബാങ്ക്‌ നിയമനക്കോഴയ്‌ക്ക്‌ കോൺഗ്രസ്‌ നേതാക്കളുടെ ആസൂത്രണത്തിന്‌ തെളിവായി മുൻ ബാങ്ക്‌ ചെയർമാന്റെ പുസ്‌തകം. വയനാട്‌ മുൻ ഡിസിസി പ്രസിഡന്റും ബാങ്ക്‌ ചെയർമാനുമായിരുന്ന പ്രൊഫ. കെ പി തോമസ്‌ രചിച്ച ‘എല്ലാം നല്ലതിനായി’ എന്ന പുസ്‌തകത്തിലാണ്‌ കോൺഗ്രസിന്റെ അധാർമിക നടപടികളുടെയും ചരടുവലികളുടെയും വിവരം. 2020ലാണ്‌ പുസ്‌തകം പ്രസിദ്ധീകരിച്ചത്‌.


ബാങ്ക്‌ ചെയർമാനായിരുന്ന തോമസിനെ അവിശ്വാസ പ്രമേയത്തിലൂടെയാണ്‌ കോൺഗ്രസ്‌ പുറത്താക്കിയത്‌. അതിനെക്കുറിച്ച്‌ അദ്ദേഹം പുസ്‌തകത്തിലിങ്ങനെയാണ്‌ എഴുതിയിരിക്കുന്നത്‌: ‘അവിശ്വാസ പ്രമേയം കൊടുക്കുന്നതിലെ ടൈമിങ് പ്രത്യേക ശ്രദ്ധ അർഹിക്കുന്ന ഒന്നാണെന്ന്‌ നാട്ടിലാകെ പാട്ടാണ്‌... പുതിയ ബ്രാഞ്ചുകളുടെ പേരിൽ അനുവദിച്ചുകിട്ടാവുന്ന രണ്ടുമൂന്നു ഡസൻ തസ്‌കയിലേക്കുള്ള നിയമനവും ഇപ്പോഴുള്ള ഭരണസമിതിയുടെ കാലത്തുതന്നെ നടത്താവുന്ന അമ്പതിലേറെ നിയമനവും പ്രൊമോഷനുകളും ആണോ അടവുകൾ ഓരോന്നായി മാറ്റി, തത്രപ്പെട്ട്‌ അവിശ്വാസ പ്രമേയം വഴി എന്നെ ഒഴിവാക്കാൻ കാരണമെന്ന സംശയം പുറത്തുവന്നു’.


ഇന്റർവ്യൂവിൽ നൽകുന്ന മാർക്ക്‌ ബാങ്ക്‌ ഭരണസമിതിയിൽ അവതരിപ്പിച്ച്‌ അംഗീകാരം നേടണമെന്ന സഹകരണ വകുപ്പിന്റെ നിർദേശവും എഴുത്തുപരീക്ഷയിൽ ഉയർന്ന മാർക്ക്‌ ലഭിക്കുന്ന ഉദ്യോഗാർഥികൾക്ക്‌ മുഖാമുഖത്തിൽ തുച്ഛമായ മാർക്ക്‌ നൽകിയാലുണ്ടാകുന്ന നിയമപ്രശ്‌നവും ബോധ്യപ്പെട്ട്‌ കുറ്റമറ്റരീതിയിൽ നിയമനം നടത്താനൊരുങ്ങുമ്പോഴാണ്‌ പാർടി നിർദേശപ്രകാരം അവിശ്വാസ പ്രമേയത്തിൽ ഡയറക്ടർമാർ ഒപ്പിട്ടതെന്നും പുസ്‌തകത്തിൽ പറയുന്നു.


ബാങ്കിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന്‌ രാജിവയ്‌ക്കാൻ ആവശ്യപ്പെട്ട്‌ അന്നത്തെ ഡിസിസി പ്രസിഡന്റ്‌ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ നൽകിയ കത്തും ഇതിലുണ്ട്‌. ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണത്തിനു കാരണമായ നിയമനക്കോഴയ്‌ക്കായി വർഷങ്ങൾക്ക്‌ മുമ്പ്‌ നടത്തിയ ആസൂത്രണമാണ്‌ പുസ്‌തകത്തിലുള്ളത്‌.



deshabhimani section

Related News

0 comments
Sort by

Home