Deshabhimani

ഡിസിസി ട്രഷററുടെ കടം: മിണ്ടാതെ കോൺഗ്രസ്‌

ബാങ്ക് നിയമനക്കോഴ ; അറസ്‌റ്റിൽ ഭയം , ഒത്തുതീർപ്പിന്‌ നെട്ടോട്ടം

wayanad dcc scam
വെബ് ഡെസ്ക്

Published on Jan 15, 2025, 01:52 AM | 2 min read

കൽപ്പറ്റ

വയനാട്‌ ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കാനിടയാക്കിയ കോൺഗ്രസ്‌ നിയമനക്കോഴയിലെ പരാതികളും ഇടപാടുകളും ഒത്തുതീർപ്പാക്കാൻ ഊർജിതശ്രമം. ആത്മഹത്യാ പ്രേരണക്കേസിൽ ഒന്നും രണ്ടും പ്രതികളായ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ബുധൻ ജില്ലാ പ്രിൻസിപ്പൽ ആൻഡ്‌ സെഷൻസ്‌ കോടതി പരിഗണിക്കാനിരിക്കെയാണ്‌ തിരക്കിട്ട ഒത്തുതീർപ്പ്‌ നീക്കം.


നിയമനക്കോഴയിൽ ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെ ഓഫീസിന്‌ നേരിട്ട്‌ പങ്കുണ്ടെന്ന്‌ വെളിപ്പെടുത്തിയ ബത്തേരി വടക്കനാട്‌ സ്വദേശി അനീഷ്‌ ജോസഫിനെ ഒത്തുതീർപ്പിനായി വിളിച്ച്‌, പണം തിരികെ നൽകാമെന്ന്‌ വാഗ്‌ദാനംചെയ്‌തു. ഭാര്യക്ക്‌ ജോലിനൽകാമെന്ന്‌ പറഞ്ഞ്‌ എംഎൽഎയുടെ ഓഫീസിൽ ജോലിചെയ്‌തിരുന്ന കൈനിക്കൽ ബെന്നി 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന്‌ അനീഷ്‌ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ജില്ലാ പൊലീസ്‌ മേധാവിക്ക്‌ പരാതി നൽകിയതായും പറഞ്ഞു. ഇതിന്‌ പിന്നാലെയാണ്‌ അനീഷിനെ വിളിച്ച്‌ പണം നൽകാമെന്നും പരാതിയുമായി മുമ്പോട്ട്‌ പോകരുതെന്നും പറഞ്ഞത്‌. ജോലിക്കായല്ല, സ്ഥലം ഇടപാടിനാണ്‌ പണം നൽകിയതെന്ന്‌ പറയണമെന്നും ആവശ്യപ്പെട്ടു.


2013–-14ൽ ആണ്‌ അനീഷിന്റെ കൈയിൽനിന്ന്‌ പണം വാങ്ങിയത്‌. 10 വർഷമായിട്ടും തിരികെ നൽകാത്ത പണമാണ്‌, കോഴയിൽ എംഎൽഎയുടെ ഓഫീസിന്റെ പങ്ക്‌ പുറത്തായതോടെ നൽകാമെന്ന്‌ അറിയിച്ചത്‌. പരാതികൾ ഒതുക്കി കേസിൽനിന്ന്‌ രക്ഷപ്പെടാനുള്ള ശ്രമമാണ്‌ എംഎൽഎയുടേത്‌.


പുൽപ്പള്ളി സ്വദേശിയായ പരാതിക്കാരനോടും തട്ടിയെടുത്ത പണം തിരികെ നൽകാമെന്ന്‌ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും ഉന്നത കോൺഗ്രസ്‌ നേതാക്കളും ഇടപെട്ട്‌ വിജയന്റെ കുടുംബം പരാതിനൽകുന്നത്‌ ഒഴിവാക്കി. നാലുപേർ പൊലീസിൽ പരാതിനൽകിയിട്ടുണ്ട്‌. ഇവരെയും തട്ടിപ്പിനിരകളായ മറ്റുള്ളവരെയും സ്വാധീനിക്കാനുള്ള ശ്രമമാണിപ്പോൾ നടക്കുന്നത്‌.


മുൻകൂർ ജാമ്യാപേക്ഷ ഇന്ന്‌ പരിഗണിക്കും

വയനാട്‌ ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട്‌ ആത്മഹത്യാ പ്രേരണാക്കേസിൽ ഒന്നും രണ്ടും പ്രതികളായ ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെയും ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചന്റെയും മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച ജില്ലാ പ്രിൻസിപ്പൽ ആൻഡ്‌ സെഷൻസ്‌ കോടതി പരിഗണിക്കും. കേസ്‌ ഡയറി പൊലീസ്‌ കോടതിയിൽ ഹാജരാക്കും. പ്രതികൾ രണ്ടുപേരും ഒളിവിലാണ്‌.


മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ 10ന്‌ പരിഗണിച്ച ജില്ലാ ജഡ്‌ജി ജയകുമാർ ജോൺ കേസ്‌ 15ലേക്ക്‌ മാറ്റുകയായിരുന്നു. ഭാരതീയ ന്യായസംഹിതയിലെ 108 വകുപ്പ്‌ പ്രകാരം ജാമ്യമില്ലാകുറ്റമാണ്‌ ഇരുവർക്കുമെതിരെ ചുമത്തിയത്‌. മൂന്നാംപ്രതിയായ കോൺഗ്രസ്‌ മുൻ നേതാവ്‌ കെ കെ ഗോപിനാഥനും ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്‌.


ഡിസിസി ട്രഷററുടെ കടം: മിണ്ടാതെ കോൺഗ്രസ്‌

ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തിന്റെ കടബാധ്യത കോൺഗ്രസ്‌ ഏറ്റെടുത്തില്ലെങ്കിൽ തങ്ങൾ സഹായിക്കുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രസ്താവിച്ചിട്ടും പ്രതികരിക്കാതെ കോൺഗ്രസ്‌. കെപിസിസി പ്രസിഡന്റോ പ്രതിപക്ഷ നേതാവോ അതിനോട്‌ പ്രതികരിച്ചിട്ടില്ല. എന്നാൽ, എം വി ഗോവിന്ദൻ വീട്‌ സന്ദർശിച്ചതിനെ സുധാകരൻ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ കുറ്റപ്പെടുത്തി.

വിജയന്റേത് കോൺഗ്രസ്‌ കുടുംബമാണെന്നും അവർക്കൊപ്പമാണെന്നും പറയുന്നുണ്ടെങ്കിലും വായ്പാത്തുക അടയ്ക്കുന്ന കാര്യത്തിൽ നിശബ്ദത പാലിക്കുകയാണ്‌ കുറിപ്പിൽ.



deshabhimani section

Related News

0 comments
Sort by

Home