കോൺഗ്രസ് നിയമനക്കോഴ ; എൻ എം വിജയന്റെ ബാങ്ക് അക്കൗണ്ട് വിജിലൻസ് പരിശോധിക്കും

കൽപ്പറ്റ : വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണത്തിനിടയാക്കിയ നിയമനക്കോഴയിൽ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാൻ വിജിലൻസും. ആത്മഹത്യാ പ്രേരണാക്കേസ് അന്വേഷിക്കുന്ന പൊലീസ് വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിന് പിന്നാലെയാണ് വിജിലൻസും പരിശോധിക്കുന്നത്.
നിയമനക്കോഴയിലെ അന്വേഷണത്തിൽ ലഭിച്ച മൊഴികളുടെ ആധികാരികത ഉറപ്പിക്കാനാണ് ഇടപാടുകൾ പരിശോധിക്കുന്നത്. വിജയന്റെ മകൻ വിജേഷ് ഉൾപ്പെടെ 15 പേരുടെ മൊഴി വിജിലൻസ് എടുത്തു.
ഉദ്യോഗാർഥികളിൽനിന്ന് പണം വാങ്ങാൻ ഇടനിലനിന്ന പ്രാദേശിക കോൺഗ്രസ് നേതാക്കൾ, പണം വാങ്ങി എൻ എം വിജയൻ മുഖേന ഐ സി ബാലകൃഷ്‌ണന് നൽകിയതായി മൊഴിയുണ്ട്. ജോലി ലഭിക്കാതെ വഞ്ചിക്കപ്പെട്ടയാൾ തെരഞ്ഞെടുപ്പ് കാലത്ത് എംഎൽഎയുടെ വീട്ടിലെത്തി ബഹളം വച്ചിരുന്നു. പ്രശ്‌നം പരിഹരിക്കാൻ ബാങ്കിൽനിന്ന് വായ്‌പ എടുത്തുനൽകിയ രണ്ട് സർക്കാർ ജീവനക്കാരുടെ മൊഴിയുമെടുത്തു. ഇതിലൊരാൾ പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫീസ് ജീവനക്കാരനും മറ്റൊരാൾ കോൺഗ്രസ് അനുകൂല സർവീസ് സംഘടനയുടെ നേതാവുമാണ്. പരിശോധനയ്‌ക്കുശേഷം കൂടുതൽപേരുടെ മൊഴിയെടുക്കുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഫെബ്രുവരിയിൽ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകും.
ആത്മഹത്യാ പ്രേരണാക്കേസിൽ പ്രത്യേക അന്വേഷകസംഘവും കൂടുതൽ മൊഴിയെടുക്കും. കേസിലെ പ്രതികളായ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ എന്നിവരെ മൂന്നുദിവസം കസ്‌റ്റഡിയിൽ ചോദ്യംചെയ്‌തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതൽപേരുടെ മൊഴിയെടുക്കാനുള്ള തീരുമാനം.
Tags
Related News

0 comments