കത്ത് നൽകിയത് എംഎൽഎയുടെ ഔദ്യോഗിക ലെറ്റർപാഡിൽ
കോഴയ്‌ക്ക് തെളിവ് ; ഐ സി ബാലകൃഷ്‌ണന്റെ ശുപാർശക്കത്ത് പുറത്ത്
കൽപ്പറ്റ
വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കുന്നതിലേക്ക് നയിച്ച കോൺഗ്രസ് നേതാക്കളുടെ ബാങ്ക് നിയമന കോഴയ്‌ക്ക് കൂടുതൽ തെളിവുകൾ. എൻ എം വിജയന്റെ മകനെ പിരിച്ചുവിട്ട ഒഴിവിൽ അനധികൃത നിയമനത്തിന് ഐ സി ബാലകൃഷ്ണൻ എംഎൽഎ നൽകിയ ശുപാർശക്കത്ത് പുറത്തുവന്നു. ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്ത ആളെ പിരിച്ചുവിട്ട് മറ്റൊരാൾക്ക് നിയമനം നൽകാനായി ഐ സി ബാലകൃഷ്‌ണൻ കൈക്കൂലി വാങ്ങിയതായി എൻ എം വിജയൻ ആത്മഹത്യാക്കുറിപ്പിലും പറഞ്ഞിരുന്നു. ഐ സി ബാലകൃഷ്‌ണൻ ഡിസിസി പ്രസിഡന്റായിരിക്കെ എംഎൽഎയുടെ ഔദ്യോഗിക ലെറ്റർ പാഡിലാണ് ബത്തേരി അർബൻ ബാങ്ക് പ്രസിഡന്റിന് കത്ത് നൽകിയത്. ബാങ്ക് നിയമനത്തിൽ നടന്ന കോഴ ഇടപാടുകൾക്കുള്ള ശക്തമായ തെളിവാണ് ഐ സി ബാലകൃഷ്‌ണൻ നൽകിയ നിയമന ശുപാർശക്കത്ത്.
വിജയനോടൊപ്പം ജീവനൊടുക്കിയ മകൻ ജിജേഷിനെയാണ് ബത്തേരി അർബൻ ബാങ്കിലെ പാർട് ടൈം സ്വീപ്പർ തസ്‌തികയിൽനിന്ന് പിരിച്ചുവിട്ട് മറ്റൊരാളെ നിയമിച്ചത്. ജിജേഷ് ഏഴുവർഷം ദിവസവേതനത്തിന് ജോലിചെയ്‌തിരുന്നു. ബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ബാലകൃഷ്‌ണന്റെ മകൾ സി ബി അനിലയ്‌ക്ക് ജോലി നൽകാനാവശ്യപ്പെട്ടാണ് ഐ സി ബാലകൃഷ്‌ണൻ ശുപാർശക്കത്ത് നൽകിയത്.
ബാങ്കിൽ അനധികൃത നിയമനത്തിന് ഐ സി ബാലകൃഷ്ണൻ എംഎൽഎ 17 പേരുടെ പട്ടിക നൽകിയിരുന്നതായി ബാങ്ക് മുൻ ചെയർമാൻ ഡോ. സണ്ണി ജോർജും വെളിപ്പെടുത്തിയിരു.ന്നു.
സ്‌പീക്കർക്കും പരാതി
ഔദ്യോഗിക പദവി ദുരുപയോഗിച്ച് സ.ത്യപ്രതിജ്ഞാ ലംഘനം നടത്തിയ എംഎൽഎക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സുരേഷ് താളൂർ ബത്തേരി പൊലീസിനും നിയമസഭാ സ്പീക്കർക്കും പരാതിനൽകി. മുഖ്യമന്ത്രി, ലോകായുക്ത, വിജിലൻസ് എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.
എൻ എം വിജയന്റെ കത്തിൽനിന്ന്
‘അന്നത്തെ ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണൻ മറ്റൊരാളെ നിയമിക്കുന്നതിന് ഞാൻപോലും അറിയാതെ (ഞാൻ അന്ന് ഡിസിസി ട്രഷററാണ്) കത്ത് നൽകി. ഐസിയുടെ താൽപ്പര്യത്തിനനുസരിച്ച്, ബത്തേരി അർബൻ ബാങ്കിന്റെ ചരിത്രത്തിലാദ്യമായി ഏഴുവർഷം ദിവസവേതന അടിസ്ഥാനത്തിൽ ജോലിചെയ്ത എന്റെ മകനെ പിരിച്ചുവിടുകയായിരുന്നു. 40 വർഷം പാർടിക്കുവേണ്ടി പ്രവർത്തിച്ച എനിക്ക് ഈ ആഘാതം താങ്ങാൻ പറ്റാത്തതായിരുന്നു. മകന് പകരമായി നിയമിച്ച ആളിൽനിന്ന് ബാങ്കിന്റെ ചരിത്രത്തിൽ ആദ്യമായി പിടിഎസിനുവേണ്ടി കൈക്കൂലി വാങ്ങി എന്നാണ് അറിഞ്ഞത്’.
0 comments