പാട്ടിന്റെ കഥപറഞ്ഞ് വിദ്യാധരന്‍ മാസ്റ്റര്‍

തിരുവനന്തപുകം : പാട്ടുകളുടെ കഥപറഞ്ഞ് സംഗീതജ്ഞൻ വിദ്യാധരൻ. അദ്ദേഹത്തിന്റെ പാട്ടുകൾ പാടി ഗായിക രാജലക്ഷ്മിയും. നിയമസഭാ പുസ്‌തകോത്സവത്തിലെ "കഥ പറയും പാട്ടുകൾ' ആയിരുന്നു വേദി. വിദ്യാധരൻ മാസ്റ്ററുടെ സംഗീതത്തിൽ പിറന്ന "സ്വപ്‌നങ്ങളൊക്കെയും പങ്കുവയ്ക്കാം' ഗാനത്തിന്റെ കഥയിൽ തുടങ്ങി അദ്ദേഹത്തിന്റെ നിരവധി പാട്ടുകൾ പിറന്ന വഴികളിലൂടെ ശ്രോതാക്കളെ ആനയിച്ചു.
‘കാണാൻ കൊതിച്ച്' സിനിമയ്ക്കായി തയ്യാറാക്കിയ പാട്ടായിരുന്നു അത്. ഇപ്പോഴും പുറത്തിറങ്ങാത്ത ആ സിനിമ ഒന്ന് കാണാൻ കൊതിച്ച് ഇരിക്കുകയാണെന്ന് മാസ്റ്റർ പറഞ്ഞു. നല്ല വരികളും കലർപ്പില്ലാത്ത സംഗീതവും ചേർത്ത് പാട്ടുണ്ടാക്കാൻ കഴിഞ്ഞതാണ് വിജയം. പാട്ടുകാർക്ക് പാട്ടിലുള്ള സമർപ്പണം പുതിയ സാങ്കേതിക വിദ്യകൾ വന്നതോടുകൂടി ഇല്ലാതായി പോകുന്നു.
സംഗീതജ്ഞൻ വിദ്യാസാഗറുമായി തന്റെ പേരിന് സാമ്യമുള്ളതുകൊണ്ട് ഒരുപാട് പേർ തന്നെ വിദ്യാസാഗറായി തെറ്റിദ്ധരിക്കാറുള്ള അനുഭവം പങ്കുവച്ചത് സദസ്സിൽ ചിരി പടർത്തി. വിദ്യാധരന്റെ ചില പാട്ടുകൾ വിദ്യാസാഗറിന്റെ പേരിലാണ് അറിയപ്പെടുന്നത്. വിദ്യാസാഗറിന്റെ ഒരു പാട്ടുപോലും എന്റെ പേരിൽ അറിയപ്പെടുന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. രവി മേനോൻ സംഗീത സംവാദം നയിച്ചു.
Related News

0 comments