'ഞങ്ങളുടെ അമ്മ ഇനി വരില്ലല്ലേ...' ; രഞ്ജിതയുടെ മക്കളെ ചേർത്തുപിടിച്ച് മന്ത്രി

വീണാ ജോർജിനെ കെട്ടിപ്പിടിച്ച് കരയുന്ന ഇളയ മകൾ ഇധിക. കുഞ്ഞിന്റെ സങ്കടക്കരച്ചിൽ കണ്ട് മന്ത്രിയും പൊട്ടിക്കരയുന്നു ഫോട്ടോ -ജയകൃഷ്ണൻ ഓമല്ലൂർ
പുല്ലാട്
"ഞങ്ങളുടെ അമ്മ ഇനി വരില്ലല്ലേ...' ഇധികയുടെയും ഇന്ദുചൂഡന്റെയും ചോദ്യം പൂർത്തിയാക്കും മുമ്പ് ഇരുവരെയും മന്ത്രി വീണാ ജോർജ് ചേർത്തണച്ചു. ഏക ആശ്രയമായ അമ്മയെ ചോദിച്ചുള്ള കുട്ടികളുടെ കരച്ചിലിൽ മന്ത്രിയും വിതുമ്പി. "മോള് പഠിച്ച് മിടുക്കിയാകണം. അമ്മയുടെ ആഗ്രഹമായിരുന്നല്ലോ അത്'–ഇധികയോട് മന്ത്രി പറഞ്ഞു.
അഹമ്മദാബാദിൽ വിമാനാപകടത്തിൽ മരിച്ച പുല്ലാട് കൊഞ്ഞോൺ സ്വദേശി രഞ്ജിത ജി നായരുടെ വീട്ടിൽ വെള്ളി രാവിലെ പത്തോടെ എത്തിയതായിരുന്നു മന്ത്രി. തളർന്നുപോയ രഞ്‌ജിതയുടെ അമ്മയോടും ബന്ധുക്കളോടും സംസാരിച്ചു. കുട്ടികൾക്കുവേണ്ട എല്ലാ സഹായവും സർക്കാർ ഒരുക്കുമെന്ന് മന്ത്രി അവർക്ക് ഉറപ്പുനൽകി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നഴ്‌സിങ് ഓഫീസറായ രഞ്‌ജിത ആരോഗ്യപ്രവർത്തക കൂടിയാണ്.
നിയമപരമായും അല്ലാതെയുമുള്ള എല്ലാ സഹായവും സർക്കാർ ഒരുക്കും. ഡിഎൻഎ പരിശോധനാഫലം ലഭിച്ചാൽ വൈകാതെ മൃതദേഹം നാട്ടിലെത്തിക്കാനാകും. എയർ ഇന്ത്യയുമായും ബന്ധപ്പെട്ടുവരികയാണെന്നും മന്ത്രി പറഞ്ഞു. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയും ഒപ്പമുണ്ടായിരുന്നു.
0 comments