വണ്ടിപ്പെരിയാറിൽ കടുവയെ പിടിക്കാനുള്ള വനംവകുപ്പിന്റെ ദൗത്യം തിങ്കളാഴ്ചയും തുടരും

വണ്ടിപ്പെരിയാർ: ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ പിടിക്കാനുള്ള വനംവകുപ്പിന്റെ ദൗത്യം തിങ്കളാഴ്ചയും തുടരും. വനംവകുപ്പിന്റെ നേതൃത്വത്തിൽ ഗ്രാമ്പിയിൽ ദിവസങ്ങളായി നടത്തി വരുന്ന ദൗത്യത്തിൽ പിടികൊടുക്കാതെ കടുവ കടന്നു. ഡ്രോൺ വഴിയുള്ള നിരീക്ഷണത്തിൽ ശനിയാഴ്ച കടുവയെ കണ്ടെത്തിയിരുന്നെങ്കിലും വൈകിയതിനാൽ ദൗത്യം ഞായറാഴ്ചത്തേക്ക് മാറ്റിയിരുന്നു. എന്നാൽ ഞായറാഴ്ച നിരീക്ഷണം നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. ഇരുൾ വീണതോടെ ഞായറാഴ്ചത്തെ ദൗത്യം അവസാനിപ്പിച്ചു.
കടുവ വനത്തിലേക്ക് കയറാനാണ് സാധ്യതയെന്ന് കോട്ടയം ഡിഎഫ്ഒ എൻ രാജേഷ് പറഞ്ഞു. കടുവയെ പിടികൂടുന്നതിനുള്ള ശ്രമം തിങ്കളാഴ്ചയും തുടരും. കടുവയെ കണ്ടാൽ മയക്കുവെടി വെക്കാനുള്ള എല്ലാ ക്രമീകരണങ്ങളും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള കൂട് സ്ഥലം മാറ്റാനും അധികമായി രണ്ടു കൂടുകൾ കൂടി സ്ഥാപിക്കുന്നതിനും വേണ്ടിയുള്ള ആലോചനയും വനം വകുപ്പ് അധികൃതർ നടത്തുന്നുണ്ട്.
പരിക്കേറ്റതിനെ തുടർന്ന് തീറ്റ മൃഗങ്ങളെ വേട്ടയാടി പിടിക്കാനുള്ള ആരോഗ്യം ക്ഷയിച്ചതിനാൽ കടുവ അപകടകാരിയായി മാറാനുള്ള സാധ്യത കണക്കിലെടുത്ത് വനം വകുപ്പ് കനത്ത ജാഗ്രത തുടരുന്നുണ്ട്.
0 comments