മോഹന്‍ലാലിന്റെ വഴിപാട്; വര്‍ഗീയ പ്രസ്താവനകള്‍ അപലപനീയം: വി അബ്ദുറഹിമാന്‍

തിരുവനന്തപുരം: ശബരിമലയിൽ മമ്മൂട്ടിക്ക് വേണ്ടി മോഹൻലാൽ വഴിപാട് നടത്തിയ വിഷയത്തിൽ ചിലർ നടത്തിയ വർഗീയവിഷം വമിക്കുന്ന പ്രസ്താവനകൾ തീർത്തും അപലപനീയമാണെന്ന് മന്ത്രി വി അബ്ദുറഹ്മാൻ.
കേരളം പുലർത്തി വരുന്ന മതനിരപേക്ഷതയുടെ സത്ത ഉൾക്കൊള്ളാൻ കഴിയാതെ നിരുത്തരവാദപരമായി പ്രസ്താവനകൾ നടത്തുന്നവർ നാടിന് അപമാനമാണ്. ഇത്തരം അപകടരമായ നിലപാടുകൾ തള്ളിപ്പറയാൻ മതപണ്ഡിതർ തയ്യാറാകണം. പൊതുസമൂഹത്തിനു മുന്നിൽ ഒരു മതത്തെ അപകീർത്തിപ്പെടുത്താനാണ് ഈ പ്രസ്താവന ഇടവരുത്തുക. കേരളീയ സമൂഹത്തിൽ മതപരമായ ധ്രുവീകരണം നടത്താനുള്ള ഗൂഢനീക്കങ്ങൾക്ക് ശക്തിപകരാനേ ഈ വിവാദം സഹായിക്കൂവെന്ന് മന്ത്രി പറഞ്ഞു.
വിഷയത്തിൽ സങ്കുചിതവും അപരിഷ്‌കൃതവുമായ പ്രസ്താവന നടത്തിയവർ പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
0 comments