വിജയക്കുതിപ്പിൽ നൂറ്റാണ്ട് പിന്നിട്ട് ഊരാളുങ്കൽ

കോഴിക്കോട്: നൂറുവർഷം പിന്നിട്ട തൊഴിലാളി കൂട്ടായ്‌മക്ക് പറയാനുള്ളത് വിസ്മയകരമായ വിജയക്കുതിപ്പിന്റെ കഥ. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി രൂപംകൊണ്ടിട്ട് വ്യാഴാഴ്‌ച നൂറുവർഷം തികയും.
നവോത്ഥാന നായകനായ വാഗ്ഭടാനന്ദൻ സ്ഥാപിച്ച ആത്മവിദ്യാസംഘം പ്രവർത്തകരായ 14 യുവാക്കൾ ചേർന്ന് രൂപംനൽകിയ ‘ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പരസഹായസംഘം’ ഒരു നൂറ്റാണ്ടുകൊണ്ട് ഇൻഡസ്ട്രീസ് ആൻഡ് യൂട്ടിലിറ്റീസ് വിഭാഗത്തിൽ ലോകത്തെ രണ്ടാമത്തെ സഹകരണസ്ഥാപനമായി വളർന്നു. ഏഷ്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ തൊഴിലാളി സഹകരണസംഘത്തിൽ തൊഴിലാളികൾ മുതൽ എൻജിനിയർമാരും മാനേജ്മെന്റ് വിദഗ്‌ധരുമടക്കം 18,000 പേരാണ് ജോലിചെയ്യുന്നത്.
സൊസൈറ്റിയുടെ ക്ഷേമവിഭാഗമായ യുഎൽസിസിഎസ് ഫൗണ്ടേഷൻ ബൗദ്ധികവെല്ലുവിളി നേരിടുന്നവർക്കായി വികസിപ്പിച്ച പരിശീലന സമ്പ്രദായത്തിലൂടെ 125 ൽപ്പരം യുവതീ യുവാക്കൾക്ക് കോഴിക്കോട്ടെയും പരിസരങ്ങളിലെയും സ്വകാര്യസ്ഥാപനങ്ങളിൽ തൊഴിൽ ലഭ്യമാക്കി. സംസ്ഥാന സ്പെഷ്യൽ ഒളിമ്പിക്സും സൊസൈറ്റി സംഘടിപ്പിച്ചു.
വയനാട്ടിൽ ദുരന്തസമയത്ത് ആദ്യമണിക്കൂറുകളിൽ വർക്ക് സൈറ്റിൽനിന്ന് ജെസിബികൾ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി രക്ഷാപ്രവർത്തനത്തിനിറങ്ങി. വ്യോമസേനയുടെ ഹെലികോപ്റ്ററുകൾക്ക് ഇറങ്ങാൻ റെക്കോഡ് സമയത്തിനുള്ളിൽ ഹെലിപാഡ് നിർമിച്ചതും ബെയ്‌ലി പാലം ഉണ്ടാക്കാൻ അടിസ്ഥാനസൗകര്യം ഒരുക്കിയതും ഊരാളുങ്കലാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി രൂപയും നൽകി. കരകൗശല കലാകാരന്മാർക്ക് തൊഴിലും അന്തസ്സുറ്റ ജീവിതവും പ്രദാനംചെയ്യാൻ കോവളത്തും ഇരിങ്ങലിലും ക്രാഫ്റ്റ് വില്ലേജുകൾ നിർമിച്ചു. കേരളത്തിലെ നിർമാണരംഗം സാങ്കേതികമായി നവീകരിക്കാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷൻ ഏറ്റെടുത്തതും വളർച്ചയുടെ പടവുകളിലൊന്നാണ്.
ഏഷ്യയിലെ വലിയ കോൺക്രീറ്റ് ബോ സ്ട്രിങ് പാലമായ വലിയഴീക്കൽ പാലവും നീളംകൂടിയ പാലമായ പെരുമ്പളം പാലവും എലിവേഡ് ഹൈവേ മാതൃകയിലുള്ള ആലപ്പുഴ-ചങ്ങനാശേരി റോഡും ഉൾപ്പെടെ നിരവധി മികച്ച നിർമാണം ഊരാളുങ്കലിന്റേതായുണ്ട്. ദേശീയപാത ആറുവരിയാക്കുന്ന ഭാരത് മാല പദ്ധതിയിൽ സംസ്ഥാനത്ത് ആദ്യം പൂർത്തിയാക്കിയ തലപ്പാടി-ചെങ്കള റീച്ചും സൊസൈറ്റിയുടെ നേട്ടമാണ്. ദേശീയ, അന്താരാഷ്ട്ര പുരസ്‌കാരങ്ങളും യുനെസ്‌കോയുടെയും ഐസിഎയുടെയും ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും യുഎൽസിസിയെ തേടിയെത്തിയിട്ടുണ്ട്.
സൊസൈറ്റി നൂറ് വർഷം തികയുന്നതിന്റെ ഭാഗമായുള്ള ശതാബ്‌ദി ആഘോഷങ്ങൾ ഈ മാസം 23 വരെയുണ്ടാകും. സൊസൈറ്റി ഏറ്റെടുത്ത മുട്ടുങ്ങൽ സ്‌കൂൾ 28ന് നാടിന് സമർപ്പിക്കുകയും ചെയ്യും.
Related News

0 comments