ഇടുക്കിയിൽ ആറ് മാസത്തിലധികം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി

ഇടുക്കി: നെടുങ്കണ്ടം വട്ടുപാറയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ആറ് മാസത്തിലധികം പഴക്കം കാണുമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പുരുഷന്റേതാണെന്ന് സംശയിക്കുന്നു.നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ഉച്ചയോടുകൂടി വട്ടുപാറയിലെ ആളൊഴിഞ്ഞ വീടിനുള്ളിൽ നിന്നാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സമീപത്ത് തോട്ടിൽ മീൻ പിടിക്കുവാൻ എത്തിയ കുട്ടികളാണ് ആദ്യം സംഭവം കണ്ടത്. കുട്ടികൾ നാട്ടുകാരെ വിവരമറിയിച്ചതോടു കൂടിയാണ് സംഭവം പുറംലോകമറിഞ്ഞത്.
കയറിൽ തൂങ്ങിയ നിലയിൽ തലയോട്ടിയും ശരീരത്തിന്റെ ബാക്കി ഭാഗങ്ങൾ നിലത്ത് വീണ നിലയിലുമാണ്.ശരീരം പൂർണമായും അഴുകി അസ്ഥികൾ വേർപ്പെട്ട നിലയിലാണ്. മൃതദേഹം പുരുഷന്റേതാണെന്നാണ് അനുമാനിക്കുന്നത്. നെടുങ്കണ്ടം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഫോറൻസിക്, ഡോഗ് സ്കോഡുകൾ സ്ഥലത്തെത്തിപരിശോധനകൾ നടത്തി.സമീപ പ്രദേശങ്ങളിൽ നിന്നും കഴിഞ്ഞ ആറുമാസത്തിനുള്ളിൽ കാണാതായവരെ കുറിച്ചുള്ള വിവരശേഖരണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.
0 comments