ad
Deshabhimani

print edition യുഡിഎഫ്‌ സർക്കാർ ജനത്തെ കബളിപ്പിക്കുന്നു

govindan

എം വി ഗോവിന്ദൻ.

വെബ് ഡെസ്ക്

Published on Jun 10, 2026, 12:32 AM | 2 min read

തിരുവനന്തപുരം: അധികാരത്തിലെത്തി ആഴ്‌ചകൾക്കുള്ളിൽത്തന്നെ അടിമുടി വാഗ്ദാന ലംഘനമാണ്‌ യുഡിഎഫ്‌ സർക്കാർ നടത്തുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബന്ധുവിനെ പേഴ്‌സണൽ സ്‌റ്റാഫിൽ നിയമിച്ച്‌ സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രി സണ്ണി ജോസഫാണ്‌ രാജിവയ്‌ക്കേണ്ടിയിരുന്നത്‌. ആദ്യം നിയമനത്തെ ന്യായീകരിച്ച മന്ത്രി ഗത്യന്തരമില്ലാതെയാണ്‌ ബന്ധുവിനെ രാജി വയ്പിച്ചത്‌.


തങ്ങളാണ്‌ ഇടതുപക്ഷമെന്നും നെഹ്‌റുവിയൻ നയമാണ്‌ നടപ്പാക്കുന്നതെന്നും പറഞ്ഞുനടന്ന വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ മലക്കം മറിഞ്ഞു. നെഹ്‌റു ഏറ്റവും ശക്തമായി നിലകൊണ്ടത്‌ പൊതുമേഖലയ്ക്ക്‌ വേണ്ടിയായിരുന്നെങ്കിൽ സതീശൻ അവയെല്ലാം വിൽപ്പനയ്ക്ക്‌ വയ്ക്കുന്നുവെന്നാണ്‌ ധവളപത്രത്തിൽ പറഞ്ഞത്‌. തുറമുഖ വകുപ്പ്‌ കൈയിലെടുത്ത മുഖ്യമന്ത്രി തീരദേശത്തെ കരിമണലും കച്ചവടം ചെയ്യാനാണ്‌ ശ്രമിക്കുന്നത്‌. അദാനിയുടെ പ്രതിനിധിയെ കാണാനുള്ള മംഗലാപുരം യാത്ര ഇതുമായി കൂട്ടിവായിക്കാം. ഇടതുപക്ഷമെന്ന്‌ മേനി പറയുന്നയാളുടെ പ്രവൃത്തി മുഴുവൻ തീവ്ര വലതുപക്ഷ നിലപാടിൽനിന്നുകൊണ്ടാണ്‌.


സർക്കാർ അധികാരത്തിൽ വന്നശേഷം അഞ്ചുപേരാണ്‌ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌. മനുഷ്യരുടെ ജീവൻ അപഹരിക്കുന്ന ഘട്ടത്തിലും പരിഹാസ്യമായ നിലപാടാണ്‌ വനംമന്ത്രി സ്വീകരിക്കുന്നത്‌. പത്തുമിനിട്ടുകൊണ്ട്‌ മുനമ്പം വിഷയം പരിഹരിക്കാമെന്ന്‌ പറഞ്ഞതും സെക്രട്ടറിയറ്റിലെ മാധ്യമ വിലക്കുമെല്ലാം സൂചിപ്പിക്കുന്നത്‌ പറഞ്ഞതൊന്നും നടപ്പാക്കലല്ല യുഡിഎഫ്‌ സർക്കാർ ലക്ഷ്യം എന്നാണ്‌.


ആദിത്യനാഥിന്റെ 
സന്ദേശം വായിച്ചത്‌ തെറ്റ്‌ .ശബരിമലയിൽ അയ്യപ്പസം​ഗമം സംഘടിപ്പിച്ചത് ദേവസ്വം ബോർഡാണെങ്കിലും സർക്കാരാണ് സംഘടിപ്പിച്ചതെന്ന വലതുപക്ഷ പ്രചാരണം ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർഎസ്എസിന്റെ പ്രമുഖനായ വക്താവും യുപി മുഖ്യമന്ത്രിയുമായ യോ​ഗി ആദിത്യനാഥിന്റെ സന്ദേശം അയ്യപ്പസംഗമത്തിൽ വായിച്ചത് ശരിയായില്ല.


ശബരിമല സ്വർണക്കൊള്ളക്കേസിൽ കുറ്റാരോപിതനായ എ പത്മകുമാറിനോട് പാർടി വിശദീകരണം ചോദിക്കുകയും എല്ലാ പ്രവർത്തനങ്ങളിൽനിന്നും മാറ്റി നിർത്തുകയും ചെയ്തിരുന്നു. എന്നാൽ ആരോപണമുയർന്ന ഘട്ടത്തിൽത്തന്നെ കർശനമായ നടപടി സ്വീകരിച്ചില്ല എന്ന പ്രചരണം തെരഞ്ഞെടുപ്പിനെ ബാധിച്ചു. കോൺ​ഗ്രസ്- മുസ്ലിം ലീ​ഗ്- ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് എസ്ഐആർ നടപ്പാക്കുന്നതിൽ ന്യൂനപക്ഷങ്ങൾക്കിടയിലുണ്ടായ ആശങ്ക അവർക്കനുകൂലമായി ഉപയോ​ഗിച്ചു. എസ്ഐആർ കൊണ്ടുവന്നത് പിണറായി വിജയൻ സർക്കാരാണെന്ന കള്ളപ്രചാരണവും നടത്തി. ഇത് ന്യൂനപക്ഷങ്ങളെ അകറ്റി. മതത്തെ ഉപയോഗിച്ച് വർ​ഗീയചേരിതിരിവ് സൃഷ്‌ടിക്കുന്ന മുസ്ലിംലീഗിന്റെ നിലപാടിനെ ഗുണഭോക്താവ് എന്നനിലയിൽ കോൺ​ഗ്രസും പിന്തുണച്ചു.


ഇഡിയുടെ രാഷ്‌ട്രീയ ലക്ഷ്യത്തെ ചെറുക്കും


തിരുവനന്തപുരം: സിപിഐ എം നേതാക്കളെ രാഷ്‌ട്രീയ ലക്ഷ്യത്തോടെ പ്രതിചേർക്കുന്ന ഇ ഡി നീക്കത്തെ നിയമപരമായും രാഷ്‌ട്രീയമായും നേരിടുമെന്ന്‌ എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾക്ക്‌ മറുപടിയായി പ
റഞ്ഞു. ടി വീണയുടെ കേസിൽ പാർടിക്ക്‌ ബന്ധമില്ല. ഇ ഡി സമൻസ്‌ അയച്ചിട്ടുണ്ടെങ്കിൽ അവർ ഹാജരാകും. മുന്പ്‌ എസ്‌എഫ്‌ഐഒ വിളിച്ചപ്പോഴും ഹാജരായിട്ടുണ്ട്‌. അതിന്റെ മറവിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയനെ കൂട്ടിക്കെട്ടാനുള്ള ഇഡി നീക്കത്തെയാണ്‌ ഞങ്ങൾ എതിർക്കുന്നത്‌. കരുവന്നൂരിൽ പാർടിയെത്തന്നെയാണ്‌ പ്രതിയാക്കിയിരിക്കുന്നത്‌. ജില്ലാ സെക്രട്ടറിമാരെ പ്രതിയാക്കുന്നത്‌ എന്തടിസ്ഥാനത്തിലാണ്‌. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഇത്തരം നിലപാടുകളെ തുറന്നുകാട്ടി ബഹുജന പ്രക്ഷോഭം ഉണ്ടാകും. അവഗണിക്കുന്നുവെന്ന കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ പരാതി തന്നെക്കുറിച്ചാകാൻ സാധ്യതയില്ല. കുറച്ചു ദിവസം മുന്പും അവരെ സന്ദർശിച്ചിരുന്നു. ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചർ, ചടയൻ ഗോവിന്ദന്റെ ഭാര്യ തുടങ്ങി എല്ലാവരുമായിട്ടും സ‍ൗഹൃദമാണ്‌. സന്ദർശിച്ച്‌ വിവരങ്ങൾ അന്വേഷിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home