ad
Deshabhimani

തിരിച്ചടിയെ അതിജീവിച്ച്‌ പാർടി തിരിച്ചുവരും: എം വി ​ഗോവിന്ദൻ

M V Govindan
വെബ് ഡെസ്ക്

Published on Jun 09, 2026, 05:17 PM | 2 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായ വലിയ തിരിച്ചടിയാണ്‌ എൽഡിഎഫിനുണ്ടായതെന്നും ഇതിനെ അതിജീവിച്ച്‌ പാർടി തിരിച്ചുവരുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. പരാജയം മുൻകൂട്ടി മനസ്സിലാക്കാൻ സംസ്ഥാന കമ്മിറ്റിക്ക്‌ കഴിഞ്ഞില്ലെന്നകാര്യം സ്വയം വിമർശനപരമായി അംഗീകരിച്ചെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.


1977-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 17 സീറ്റാണ്‌ പാർടിക്ക്‌ ലഭിച്ചത്‌. എല്ലാ പാർലമെന്റ്‌ മണ്ഡലങ്ങളും പരാജയപ്പെട്ടു. അതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ്‌ പിന്നീട്‌ സിപിഐ എം നേതൃത്വം കൊടുക്കുന്ന സർക്കാരുകൾ ആറു തവണ കേരളത്തിൽ അധികാരത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.


വലതുപക്ഷ ശക്തികളുടെ സ്വാധീനം കേരളത്തിന്റെ ചിന്താ മണ്ഡലത്തേയും സ്വാധീനിക്കുന്നുണ്ട്‌. എൽഡിഎഫ്‌ സർക്കാരിന്റെ പ്രവർത്തനങ്ങൾ പൊതുവെ ജനങ്ങളിൽ സ്വീകാര്യത നേടാനായി. നിർമ്മാണ- പരമ്പരാഗത മേഖലയിലടക്കമുള്ള ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ചിലത്‌ പൂർണ്ണമായി പരിഹരിക്കാൻ കഴിയാത്തതിനാൽ ആ ജനവിഭാഗങ്ങളിലുണ്ടായ അസംതൃപ്‌തി തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്‌ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌.


30 മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ യുഡിഎഫിന്‌ നൽകിയതും ചില മണ്ഡലങ്ങളിൽ ബിജെപിക്ക് യുഡിഎഫ് വോട്ട് ചെയ്തതും എൽഡിഎഫിന്‌ പ്രതികൂലമായി. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ രാഹുൽ ഗാന്ധി കേരളത്തിൽ വന്നു പ്രസംഗിച്ചത്‌ സിപിഐ എം- ബിജെപി ഡീലുണ്ടെന്നും അതുകൊണ്ടാണ്‌ ഇ ഡി പിണറായി വിജയനെ അറസ്റ്റ്‌ ചെയ്യാത്തത്‌ എന്നുമായിരുന്നു. എന്നാൽ യുഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്ന ശേഷം നാം കണ്ടുകൊണ്ടിരിക്കുന്നത്‌ കോൺഗ്രസ്‌ - ബിജെപി ഡീലുകളാണ്‌. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രേരണയാണ്‌ രാഹുൽ ഗാന്ധി കേരളത്തിൽ നടത്തിയ പ്രസംഗത്തിന്‌ കാരണമെന്ന്‌ ഇപ്പോൾ വ്യക്തമായി.


സിപിഐ എം- ബിജെപി ഡീലല്ല കോൺഗ്രസ്- ബിജെപി ഡീലാണെന്ന്‌ തെരഞ്ഞെടുപ്പിന്‌ ശേഷം ജനങ്ങൾക്ക്‌ ബോധ്യമായി. സ്വത്വവാദ രാഷ്‌ട്രീയ ചിന്തകൾ മുന്നോട്ടുവെക്കുന്നവർ അതിനെ എതിർക്കുന്ന എൽഡിഎഫിനെ പരാജയപ്പെടുത്താൻ നിലകൊള്ളുന്ന സ്ഥിതിയുണ്ടായി. എല്ലാ വിഭാഗത്തിൽ നിന്നും വോട്ടുകൾ എൽഡിഎഫിന്‌ കുറഞ്ഞിട്ടുണ്ട്‌. ഏതെങ്കിലും ഒരു ജനവിഭാഗം ഒന്നായി നിന്ന്‌ പരാജയപ്പെടുത്തിയെന്ന്‌ പറയാനാവില്ല.


എസ്‌ഐആർ ന്യൂനപക്ഷങ്ങളിലുണ്ടാക്കിയ ആശങ്കയെ ലീഗ്‌- ജമാ അത്തെ ഇസ്ലാമി- കോൺഗ്രസ് കൂട്ടുകെട്ട്‌ ഉപയോഗപ്പെടുത്തുകയും എസ്‌ഐആർ കൊണ്ടുവന്നത്‌ പിണറായി വിജയൻ സർക്കാരാണെന്നുള്ള കള്ളപ്രചരണം നടത്തുകയും ചെയ്‌തു. ഇത്‌ ന്യൂനപക്ഷങ്ങളെ ഇടതുപക്ഷ വിരുദ്ധ ചേരിയിൽ എത്തിക്കാനിടയാക്കിയെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home