ഈ വിടുപണി കോൺഗ്രസിലെ ‘ട്രബിൾ’ മറയ്‌ക്കാൻ


മിൽജിത് രവീന്ദ്രൻ
Published on Feb 20, 2025, 02:07 AM | 1 min read
തിരുവനന്തപുരം : കേരളത്തിന്റെ വ്യവസായ, സ്‌റ്റാർട്ടപ് മികവിനെ പ്രവർത്തകസമിതിയംഗം ശശി തരൂർ എംപി പ്രശംസിച്ചതോടെ വെട്ടിലായ കോൺഗ്രസിനെ രക്ഷിക്കാനായി, സംസ്ഥാനത്തിന്റെ ലോകശ്രദ്ധനേടിയ നേട്ടത്തിനുമേൽ മാലിന്യം വിതറി യുഡിഎഫ് പത്രം. രാജ്യത്തെ ഏറ്റവും മികച്ച സ്‌റ്റാർട്ടപ് ആവാസവ്യവസ്ഥയുള്ള കേരളത്തിലെ സ്‌റ്റാർട്ടപ് ‘സ്‌റ്റാർട്ടിങ് ട്രബിളി’ലായെന്നാണ് കണ്ടെത്തൽ.
സ്‌റ്റാർട്ടപ്പുകളുടെ എണ്ണം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ മുന്നൂറിൽനിന്ന് എട്ടര വർഷംകൊണ്ട് 6200ലെത്തി. ബിൽറ്റ് അപ് സ്‌പേസ് 15,000 ചതുരശ്രയടിയിൽനിന്ന് 10 ലക്ഷമായി. 60,000 തൊഴിലവസരവും 5800 കോടി നിക്ഷേപവും സൃഷ്ടിച്ചു. തുടർച്ചയായി കേന്ദ്ര സർക്കാരിന്റെ ബെസ്‌റ്റ് പെർഫോമർ പുരസ്‌കാരം സ്വന്തമാക്കുന്നു. കോവിഡ് കാലത്ത് ലോകമാകെ സ്‌റ്റാർട്ടപ് ആവാസവ്യവസ്ഥ 46 ശതമാനം വളർന്നപ്പോൾ കേരളത്തിൽ 254 ശതമാനമാണ് വളർച്ച. ഈ നേട്ടങ്ങളെല്ലാം തമസ്കരിച്ചാണ് ‘സ്‌റ്റാർട്ടിങ് ട്രബിൾ’ കണ്ടെത്തൽ.
കേരളത്തിന്റെ നേട്ടത്തിനാധാരമായി ശശി തരൂർ ഉദ്ധരിച്ച ഗ്ലോബൽ സ്‌റ്റാർട്ടപ് ഇക്കോസിസ്‌റ്റം റിപ്പോർട്ടിലെ കണ്ടെത്തലുകൾ യഥാർഥ്യമല്ലെന്നാണ് പത്രത്തിന്റെ വാദം. കേരളത്തിന്റെ മികവായി റിപ്പോർട്ടിൽ പറയുന്ന ‘കെ ഫോൺ’വഴി 50,000 വീടുകളിലേ ഇന്റർനെറ്റ് എത്തിച്ചിട്ടുള്ളൂ എന്നാണ് വാർത്ത. 50,000 വാണിജ്യ കണക്‌ഷന് പുറമേ, 30,000 സർക്കാർ ഓഫീസുകളിലും വിദൂര ആദിവാസി ഗ്രാമങ്ങളിലും ഇന്റർനെറ്റ് എത്തിച്ചത് മറച്ചുവച്ചാണ് നുണപ്രചാരണം. സ്‌റ്റാർട്ടപ്പിനായി നീക്കിവച്ച തുക പകുതിയായി വെട്ടിച്ചുരുക്കിയത് റിപ്പോർട്ടിലില്ലെന്നും കണ്ടെത്തൽ. റിപ്പോർട്ട് കാലയളവിലൊന്നും തുക വെട്ടിക്കുറച്ചിട്ടില്ലെന്നു മാത്രമല്ല, ഗണ്യമായി വർധിപ്പിച്ചെന്നതാണ് യാഥാർഥ്യം.
ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ കേരളം മുന്നിലെത്തിയത് വ്യവസായവുമായി ബന്ധമില്ലാത്ത കാര്യങ്ങളിലാണെന്നും പത്രം പറയുന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയം കണക്കിലെടുത്ത 20 മാനദണ്ഡങ്ങളിൽ ഒമ്പതിനങ്ങളിൽ മുന്നിലെത്തിയാണ് ടോപ്പ് അച്ചീവേഴ്‌സ് വിഭാഗത്തിൽ കേരളം ആദ്യമെത്തിയത്.
ആന്ധ്രപ്രദേശ് അഞ്ചും ഗുജറാത്ത് മൂന്നും ഇനങ്ങളിൽ മുന്നിലെത്തി. കേരളം മുന്നിലെത്തിയ ഓൺലൈൻ ഏകജാലക സംവിധാനം, സംസ്ഥാനത്തെ ഗതാഗത സംവിധാനം, നഗരസഭയും റവന്യൂ വകുപ്പും നൽകുന്ന സാക്ഷ്യപത്രങ്ങൾ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ പ്രവർത്തനം എന്നിവയ്ക്ക് വ്യവസായവുമായി ബന്ധമില്ലെന്ന വിചിത്ര കണ്ടെത്തലും പത്രം നടത്തിയിട്ടുണ്ട്.
0 comments