നിർമാണം 4 ഘട്ടമായി : കഞ്ചിക്കോട് സ്പിരിറ്റ് നിർമാണ യൂണിറ്റിന് പ്രാരംഭ അനുമതി


സ്വന്തം ലേഖകൻ
Published on Jan 18, 2025, 11:16 PM | 1 min read
തിരുവനന്തപുരം
: നിരവധി തൊഴിലവസരവും സാമ്പത്തികലാഭവും ലക്ഷ്യംവയ്‌ക്കുന്ന ബ്രൂവറിക്ക് സംസ്ഥാന സർക്കാരിന്റെ പച്ചക്കൊടി. പാലക്കാട് കഞ്ചിക്കോട് ആസ്ഥാനമായി ഒയാസിസ് കോമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് സ്‌പിരിറ്റ് നിർമാണ യൂണിറ്റ് തുടങ്ങാൻ പ്രാരംഭ അനുമതി നൽകി ഉത്തരവിറങ്ങി.
600 കോടി രൂപ ചെലവിൽ എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാൾട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി വൈനറി പ്ലാന്റ് എന്നിവ ഉൾപ്പെട്ട സംയോജിത യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് അനുമതി. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് പുറപ്പെടുവിച്ച ഉത്തരവിൽ നാലുഘട്ടമായാണ് പദ്ധതിക്ക് അനുമതി നൽകിയത്.
സംസ്ഥാനത്ത് മദ്യ ഉൽപ്പാദനത്തിന് ആവശ്യമായ എക്‌സ്‌ട്രാ ന്യൂട്രൽ ആൾക്കഹോൾ (ഇഎൻഎ) കേരളത്തിൽത്തന്നെ ഉൽപ്പാദിപ്പിക്കുന്നതിനു പ്രോത്സാഹനം നൽകുമെന്നും അതിന് തയ്യാറാകുന്ന ഡിസ്റ്റിലറികൾക്കും പുതിയ യൂണിറ്റുകൾക്കും അനുമതി നൽകുമെന്നും 2023-–-24 സാമ്പത്തിക വർഷത്തെ മദ്യനയത്തിൽ തീരുമാനിച്ചിരുന്നു.
നിലവിലുള്ള എല്ലാ മാർഗനിർദേശങ്ങളും നിബന്ധനകളും പാലിക്കണമെന്നും അസംസ്‌കൃത വസ്‌തുവായി അരി ഉപയോഗിക്കുമ്പോൾ നുറുക്കലരി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും നിബന്ധനയുണ്ട്.
അതേ സമയം കമ്പനി സമർപ്പിച്ച അപേക്ഷയിൽ എക്‌സൈസ് കമീഷണർ അന്വേഷണം നടത്തിയും ഈ റിപ്പോർട്ട് സർക്കാർ പരിശോധിച്ചും അനുമതി നൽകിയ പദ്ധതിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പുകമറ തീർക്കുകയാണ് പ്രതിപക്ഷം.
Related News

0 comments