ആറ് സ്ട്രോക്ക് യൂണിറ്റുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌

veena
avatar
സ്വന്തം ലേഖിക

Published on Sep 09, 2025, 02:06 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്തെ ആറ് സ്ട്രോക്ക് സെന്ററുകളെ വേള്‍ഡ് സ്ട്രോക്ക് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുഎസ്ഒ), എന്‍എബിഎച്ച് നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടിയെടുത്തുവെന്ന്‌ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യവകുപ്പിനുകീഴിലെ ആറ് ആശുപത്രികളിലെ സ്ട്രോക്ക് യൂണിറ്റുകളെയാണ് ഒരേസമയം 2 സര്‍ട്ടിഫിക്കേഷനുകള്‍ക്കായി സജ്ജമാക്കുന്നത്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, കോഴിക്കോട് ജനറല്‍ ആശുപത്രി എന്നിവയെയാണ് ആദ്യഘട്ടത്തില്‍ സജ്ജമാക്കുക. ഇവയ്ക്ക് അംഗീകാരം ലഭ്യമായാലുടന്‍ മറ്റ് ആശുപത്രികളെക്കൂടി ഈ നിലവാരത്തിലേക്ക് ഉയര്‍ത്താൻ നടപടിയെടുക്കും.

സ്ട്രോക്ക് അഥവാ പക്ഷാഘാത ചികിത്സയ്ക്ക് ആവശ്യമായ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുക, രോഗിക്ക് നിശ്ചിത സമയത്തില്‍ ചികിത്സ ലഭ്യമാക്കുക, ത്രോംബോലൈസിസ് ചികിത്സ ലഭ്യമാക്കുക തുടങ്ങിയവ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് വേള്‍ഡ് സ്ട്രോക്ക് ഓര്‍ഗനൈസേഷന്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. ആദ്യമായാണ് ആശുപത്രിയിലെ ഒരു പ്രത്യേക യൂണിറ്റിനുമാത്രമായി എന്‍എബിഎച്ച് അംഗീകാരം ലഭിക്കുന്നത്. ഇതോടെ ഡബ്ല്യുഎസ്ഒ, എന്‍എബിഎച്ച് സര്‍ട്ടിഫിക്കേഷനുള്ള സ്ട്രോക്ക് യൂണിറ്റുകളുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും. സര്‍ട്ടിഫിക്കേഷന്‍ വരുന്നതോടെ അന്താരാഷ്ട്ര മാനദണ്ഡപ്രകാരമുള്ള ചികിത്സ ലഭ്യമാക്കാനാകും. ഇതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍, ഉപകരണങ്ങള്‍, പരിശീലനങ്ങള്‍ തുടങ്ങിയവ സജ്ജമാക്കി വരികയാണ്.

മെഡിക്കല്‍ കോളേജുകള്‍ക്കുപുറമെ 12 ആശുപത്രികളില്‍ സ്ട്രോക്ക് ചികിത്സ ലഭ്യമാണ്. ത്രോംബോലൈസിസ് ചികിത്സ, സ്ട്രോക്ക് റീഹാബിലിറ്റേഷന്‍, സ്ട്രോക്ക് സ്റ്റെബിലൈസേഷന്‍ തുടങ്ങിയ ചികിത്സകളാണ് നല്‍കുന്നത്.

ആരോഗ്യവകുപ്പിലെ സ്ട്രോക്ക് യൂണിറ്റുകളിലൂടെ 368 രോഗികള്‍ക്ക് ഇതുവരെ വിജയകരമായി ചികിത്സ ലഭ്യമാക്കി. വളരെയേറെ ചെലവുള്ള ഈ ചികിത്സ സര്‍ക്കാര്‍ പദ്ധതികളിലൂടെ സൗജന്യമായാണ് നല്‍കുന്നത്. ഈ വര്‍ഷത്തോടെ സംസ്ഥാനത്തെ എല്ലാ ജില്ലയിലും സ്ട്രോക്ക് ചികിത്സ ആരംഭിക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home