എസ്‌ഐആറിൽ ഏകപക്ഷീയ നീക്കവുമായി കമീഷൻ
print edition തീവ്ര പുനഃപരിശോധന ; അർഹതയുള്ള ലക്ഷങ്ങൾ പുറത്താകും

തിരുവനന്തപുരം
വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയുമായി ബന്ധപ്പെട്ട് ബിഎൽഒമാർ നേരിടുന്ന കടുത്ത സമ്മർദവും പരിശീലനക്കുറവും ലക്ഷക്കണക്കിനുപേർ പട്ടികയിൽനിന്ന് പുറത്താക്കാൻ കാരണമാകുമെന്ന് പരാതി. കൃത്യമായ പരിശോധന നടത്താതെ വോട്ടർമാരെ ‘കണ്ടെത്താൻ കഴിയാത്തവർ'എന്ന വിഭാഗത്തിൽപ്പെടുത്തിയെന്നാണ് ആക്ഷേപം. നഗരപ്രദേശങ്ങളിൽ സ്ഥിതി ഗുരുതരമാണ്. ജോലിയുടെ ഭാഗമായി സ്ഥലംമാറിയവർ, ബന്ധുവീടുകളിലേക്ക് മാറിയവർ എന്നിവർക്ക് ഫോം പോലും ലഭിച്ചില്ല. ഈ വിഭാഗത്തിൽപ്പെട്ടവർ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്തവരുമാണ്. ഫോം നൽകുന്നതുമായി ബന്ധപ്പെട്ട് ഇവരെ വിളിക്കാൻപല ബിഎൽഒമാരും തയ്യാറായിട്ടില്ല.
വോട്ടർപ്പട്ടികയിൽനിന്ന് ഒരാളെ ഒഴിവാക്കുന്നതുൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങളെടുക്കുന്നത് ബിഎൽഒമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. അതിനായി ആവശ്യമായ പരിശീലനവും മാർഗനിർദേശവും നൽകിയില്ലെന്ന പരാതി രാഷ്ട്രീയപാർടികൾ തുടക്കംമുതലേ ഉന്നയിച്ചിരുന്നു. "താമസം മാറിയവർ, ഇരട്ടിപ്പ് വന്നവർ, മറ്റുള്ളവർ’ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി വോട്ടർമാരെ ഒഴിവാക്കുമ്പോൾ, എത്രത്തോളം സുതാര്യതയും വസ്തുനിഷ്ഠതയും ഉറപ്പാക്കി എന്ന് ജനങ്ങൾ ആശങ്കപ്പെടുന്നു. ഈ വീഴ്ചകൾകാരണം അർഹതയുള്ള നിരവധിപേർ ഒഴിവാക്കപ്പെടുമെന്ന ആക്ഷേപമാണ് പ്രധാനമായും ഉയരുന്നത്.
നിശ്ചിത സമയപരിധിക്കുള്ളിൽ വൻതോതിലുള്ള ഡാറ്റാ എൻട്രി പൂർത്തിയാക്കാൻ ഉന്നത ഉദ്യോഗസ്ഥരിൽനിന്ന് ബിഎൽഒമാർക്ക് മേൽ കടുത്ത സമ്മർദമുണ്ടായി. സമയക്കുറവും മേലുദ്യോഗസ്ഥരുടെ അമിത സമ്മർദവും കാരണം പല ബിഎൽഒമാർക്കും വിവരങ്ങൾ കൃത്യമായി പരിശോധിക്കാനോ ഒത്തുനോക്കാനോ സാധിച്ചിട്ടില്ല. കൂടാതെ, ഡിജിറ്റൈസേഷൻ പ്രക്രിയയിൽ നേരിട്ട സാങ്കേതിക പ്രശ്‌നങ്ങളും പ്രതിസന്ധിയായിട്ടുണ്ട്. ഫീൽഡ് പരിശോധന പൂർത്തിയാക്കുന്നതിനു മുമ്പുതന്നെ സമ്മർദത്തിന് വഴങ്ങി വിവരങ്ങൾ അപ്‌ലോഡ് ചെയ്യേണ്ട സാഹചര്യമുണ്ടായെന്നും ബിഎൽഒമാർ പറയുന്നു.
ബിഎൽഒമാരുടെ തീരുമാനം അന്തിമമല്ലെന്നും ഇത് രാഷ്ട്രീയപാർടികളുടെ ഏജന്റുമാർ പരിശോധിച്ച് ഉറപ്പാക്കണമെന്നുമാണ് കമീഷന്റെ വാദം. ഈ സാഹചര്യത്തിൽ ബിഎൽഒമാർ സമർപ്പിച്ച റിപ്പോർട്ടുകൾ സൂക്ഷ്മമായി പുനഃപരിശോധിച്ച്, അർഹതയുള്ള ഒരു വോട്ടറെയും ഒഴിവാക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായുള്ള യോഗങ്ങളിൽ പാർടികളെ ക്ഷണിച്ചില്ലെന്ന പരാതിയുമുണ്ട്.
‘ബന്ധു' നിർവചനം; ഡിജിറ്റൈസ് മുടങ്ങി
എസ്ഐആറിൽ ‘ബന്ധു'വിന്റെ നിർവചനത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ലക്ഷക്കണക്കിന് ഫോം ഡിജിറ്റൈസ് ചെയ്യാനാകുന്നില്ല. സഹോദരങ്ങളെയും പങ്കാളിയെയും ‘ബന്ധു'ക്കളുടെ നിർവചനത്തിൽ ഉൾപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമീഷൻ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. സഹോദരങ്ങളെയും പങ്കാളിയെയും ബന്ധുവായി പൂരിപ്പിച്ചാൽ ‘2002-ലെ വോട്ടർപ്പട്ടികയിൽ ബന്ധുക്കൾ ആരും ഉൾപ്പെട്ടിട്ടില്ലെ’ന്ന് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടിവരും. കൂടാതെ ഇവരെ ഹിയറിങ്ങിന് വിളിപ്പിക്കുകയും തിരിച്ചറിയൽ രേഖകളായിട്ടുള്ള 12 രേഖകളിൽ ഒരെണ്ണം തെളിവായി ഹാജരാക്കേണ്ടിയുംവരും.
പ്രതിസന്ധിയുണ്ടായത് ഇങ്ങനെ
• ആദ്യ നിർദേശം: ‘2002-ലെ എസ്‌ഐആർ വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ട ബന്ധുവിന്റെ വിവരങ്ങൾ' എന്ന കോളത്തിൽ സഹോദരങ്ങളുടെയോ പങ്കാളിയുടെയോ പേരുംകൂടി നൽകാമെന്ന് ബിഎൽഒമാർ തുടക്കത്തിൽ വോട്ടർമാരെ അറിയിക്കുന്നു.
• മാറ്റം: ഫോം വിതരണം തുടങ്ങി ദിവസങ്ങൾ പിന്നിട്ടശേഷം ഇക്കാര്യത്തിൽ നിർവചനമില്ലെന്ന് ബിഎൽഒമാർ അറിയിക്കുന്നു.
• സാങ്കേതികക്കുരുക്ക്: സഹോദരങ്ങളെയും പങ്കാളിയെയും ‘ബന്ധു'വായി ഉൾപ്പെടുത്തിക്കൊണ്ടുള്ള വിവരം അപ്‌ലോഡ് ചെയ്യാനോ ഓപ്ഷൻ നൽകാനോ ഡിജിറ്റൈസേഷനിൽ നിലവിൽ വ്യവസ്ഥയില്ല. ഈ സാങ്കേതിക പ്രശ്നം തിരിച്ചറിഞ്ഞപ്പോഴേക്കും വോട്ടർമാർ വിവരങ്ങൾ പൂരിപ്പിച്ചു നൽകിയിരുന്നു
• കമീഷന്റെ വിശദീകരണം: ഇൗ പ്രശ്നം രാഷ്ട്രീയപാർടി യോഗത്തിൽ അറിയിച്ചപ്പോൾ 19–ാം ദിവസം സിഇഒ വിശദീകരണം നൽകി. മാതാവ്, പിതാവ്, അവരുടെ മാതാപിതാക്കൾ എന്നിവരെ മാത്രമേ ഉൾപ്പെടുത്താൻ കഴിയൂ എന്നായിരുന്നു അന്ന് അറിയിച്ചത്.
സിപിഐ എമ്മിനെ യോഗങ്ങൾ അറിയിച്ചില്ല
എസ്‌ഐആറിൽ ഏകപക്ഷീയ നീക്കവുമായി കമീഷൻ
കേരളത്തിൽ തിടുക്കപ്പെട്ട് നടപ്പാക്കുന്ന വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയുമായി ബന്ധപ്പെട്ട്, പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടുന്നവരുടെ വിവരം പരിശോധിക്കാൻ ചേരുന്ന നിർണായക യോഗങ്ങൾ ഏകപക്ഷീയമായി നടത്തിയെന്ന് വ്യാപക പരാതി. പല ബൂത്തുകളിലും സിപിഐ എമ്മിന്റെ ഏജന്റുമാരെ അറിയിച്ചില്ല. യോഗത്തിന് ക്ഷണിച്ചുള്ള കത്തിൽ പാർടിയുടെ പേര് പരാമർശിക്കുകയോ നേതൃത്വത്തെ അറിയിക്കുകയോ ചെയ്തിട്ടില്ല. ഇത് വോട്ടവകാശത്തിന് അർഹതയുള്ള ലക്ഷക്കണക്കിനുപേരെ പട്ടികയിൽനിന്ന് പുറത്താകാൻ കാരണമായേക്കുമെന്ന ആശങ്കയുയരുന്നുണ്ട്.
തിരുവനന്തപുരം മണ്ഡലത്തിലെ തൈക്കാട് വില്ലേജ് പരിധിയിൽ വരുന്ന 78, 79, 85 മുതൽ 113 വരെ ബൂത്തുകളിലെ ഒഴിവാക്കേണ്ട വോട്ടർമാരുടെ വിവരം പരിശോധിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ സിപിഐ എം പ്രതിനിധിക്ക് പങ്കെടുക്കാനായില്ല. ബൂത്ത് ലെവൽ ഏജന്റുമാരെ ക്ഷണിച്ചുകൊണ്ടുള്ള ഔദ്യോഗിക കത്തിൽ സിപിഐ എം ഒഴികെയുള്ള ഒമ്പത് അംഗീകൃത രാഷ്‌ട്രീയ പാർടികളെ പരാമർശിച്ചിട്ടുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെയും ഇആർഒയുടെയും നിർദേശപ്രകാരം ബിഎൽഒമാരുടെ ചുമതലയുള്ള സൂപ്പർവൈസറാണ് കത്ത് അയച്ചത്. ഒഴിവാക്കപ്പെടുന്ന വോട്ടർമാരുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിനു മുന്നോടിയായുള്ള യോഗത്തിൽ പാർടി ഏജന്റുമാർ പങ്കെടുത്ത് വിവരം നൽകണമെന്നിരിക്കെയാണ് ഇൗ നീക്കം. എന്യൂമറേഷൻ ഫോം വിതരണവും തുടർന്ന് ഡിജിറ്റൈസേഷനും നടത്തിയപ്പോൾ നിലവിലെ വോട്ടർപ്പട്ടികയിലുണ്ടായിരുന്ന 13 ലക്ഷം പേരെ കണ്ടെത്താനായില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.
മരിച്ചവർ, സ്ഥിരമായി താമസം മാറിയവർ, കണ്ടെത്താനാകാത്തവർ, ഓൾറെഡി എൻറോൾഡ് എന്ന് അറിയിച്ചവർ, മറ്റുള്ളവർ എന്നീ വിഭാഗങ്ങളിലായാണ് ബിഎൽഒമാർ ഇവരെ ഉൾപ്പെടുത്തിയത്. ഇത്രയുംപേരെ കരടുപട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പായി വോട്ടർപ്പട്ടികയിൽനിന്ന് നീക്കം ചെയ്യാനാണ് തീരു മാനം.








0 comments