സമയപരിധി അട്ടിമറിക്കാനും ശ്രമം

print edition വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന ; ഉദ്യോഗസ്ഥർക്കുമേൽ കടുത്ത സമ്മർദം

Enumaration Form FAQ
വെബ് ഡെസ്ക്

Published on Nov 15, 2025, 03:18 AM | 3 min read


തിരുവനന്തപുരം

തെരഞ്ഞെടുപ്പ്‌ കമീഷൻ ആസൂത്രണമില്ലാതെ തിടുക്കപ്പെട്ട്‌ നടപ്പാക്കുന്ന വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ ഉദ്യോഗസ്ഥർക്കുമേൽ കടുത്ത സമ്മർദമെന്ന്‌ പരാതി. തെരഞ്ഞെടുപ്പ്‌ കമീഷൻ നിയോഗിക്കുന്ന ബിഎൽഒമാരാണ്‌ എന്യൂമറേഷൻ ഫോം വിതരണം ചെയ്യേണ്ടത്‌. 1000 മുതൽ 1200 വരെയുള്ള വോട്ടർമാരുടെ വീടുകൾ കയറി ഫോം നൽകുന്ന ഇ‍ൗ പ്രവർത്തനത്തിലാണ്‌ കമീഷൻ അമിത സമ്മർദം ചെലുത്തുന്നത്‌.


ഫോം വിതരണം 25നുള്ളിൽ പൂർത്തിയാക്കണമെന്നാണ്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ നിർദേശിക്കുന്നത്‌. ഇഷ്‌ടാനുസരണം ടാർജറ്റ് നിശ്ചയിച്ച് അത് പൂർത്തിയാക്കാൻ നിർബന്ധം പിടിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ജീവനക്കാർക്കിടയിൽനിന്ന്‌ ഉയരുന്നുണ്ട്‌. ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ പദ്ധതി ആവിഷ്കരിക്കാതെ ഫോം വിതരണം ചെയ്തിട്ട്‌ എന്തുകാര്യമാണെന്നാണ്‌ ബിഎൽഒമാരുടെ ചോദ്യം. എന്തിനാണ് ഈ ഫോം, ഇതിന്റെ നടപടിക്രമങ്ങൾ എങ്ങനെയാണ്‌, ആരൊക്കെ ഏതൊക്കെ വിവരങ്ങൾ നൽകണം, എവിടെയാണ് പേര് തിരയേണ്ടത്, വിദേശത്തോ മറ്റ്‌ സംസ്ഥാനത്തോ ജോലി ചെയ്യുന്നവർ എങ്ങനെ ഫോം സമർപ്പിക്കും തുടങ്ങിയ അടിസ്ഥാനപരമായ കാര്യങ്ങളെക്കുറിച്ച് വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ട്‌. ഒരു വീട്ടിൽകയറിയാൽ ഇ‍ൗ സംശയങ്ങൾക്ക്‌ മറുപടി നൽകാൻതന്നെ കൂടുതൽ സമയമെടുക്കുന്നുണ്ട്‌. പൂരിപ്പിക്കാൻ അവർ സഹായം ആവശ്യപ്പെട്ടാൽ വലിയ പ്രയാസവുമാണെന്ന്‌ ബിഎൽഒമാർ പറയുന്നു.


ഫോമിൽ പരാമർശിക്കുന്ന ‘ബന്ധുക്കൾ’ എന്ന വാക്കിന്റെ നിർവചനത്തിൽ വ്യാപക ആശയക്കുഴപ്പമാണ് ഉയരുന്നത്‌. എസ്‌ഐആർ നടത്തുമ്പോൾ ആദ്യത്തെ കുറച്ചുമാസം ജനങ്ങളെ ബോധവൽക്കരിക്കാൻ സമയം നൽകിയാൽ മാത്രമേ ഇത്‌ പരിഹരിക്കാനാകൂ. ‘മനുഷ്യസാധ്യമാകാത്ത ജോലികളാണ് അടിച്ചേൽപ്പിക്കുന്നത്. ഇതിൽനിന്ന്‌ ബന്ധപ്പെട്ടവർ പിൻവാങ്ങണമെന്നും എസ്‌ഐആർ മാറ്റിവയ്ക്കണമെന്നും എൻജിഒ യൂണിയൻ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പുനഃപരിശോധന നീട്ടിവയ്‌ക്കണം എന്നാവശ്യപ്പെട്ട് സർക്കാർ ഹെെക്കോടതിയിൽ ഹർജി നൽകിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിനും വോട്ടർപ്പട്ടിക പുതുക്കലിനും ഉദ്യോഗസ്ഥരെ ഒരേസമയം വിന്യസിക്കേണ്ടിവരുന്നത് സർക്കാരിന്റെ ദെെനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും ഭരണസ്‌തംഭനമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.


സമയപരിധി അട്ടിമറിക്കാനും ശ്രമം

സംസ്ഥാനത്ത്‌ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനക്ക്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ നിശ്ചയിച്ച സമയപരിധി അട്ടിമറിച്ച്‌ ചില ഉദ്യോഗസ്ഥർ. എന്യൂമറേഷൻ ഫോം വിതരണം 15-നകം തീർക്കണമെന്നാണ്‌ ബിഎൽഒമാർക്ക്‌ നൽകിയ കർശന നിർദേശം. തെരഞ്ഞെടുപ്പിന്‌ നിയോഗിക്കപ്പെട്ട ചില ഉദ്യോഗസ്ഥരാണ്‌ നിർദേശം നൽകിയത്‌. ഇവരെ കലക്ടർമാർ സമ്മർദത്തിലാക്കുകയാണെന്നാണ്‌ സൂചന. കമീഷൻ അനുവദിച്ച സമയപരിധി ഡിസംബർ നാലാണ്‌.


15-നകം ഫോം വിതരണം പൂർത്തിയാക്കാത്തവർ ഓൺലൈനിൽ ഫോം വിതരണം ചെയ്തെന്ന് വ്യാജമായി രേഖപ്പെടുത്തണമെന്ന തിട്ടൂരവും ഇറക്കിയിട്ടുണ്ട്‌. ഓൺ‌ലൈൻ ആപ്ലിക്കേഷനിൽ ‘വിതരണം ചെയ്തു' എന്ന് രേഖപ്പെടുത്തുക, പിന്നീട്‌ ഫോം കൊടുത്താൽ മതി’ – ഇതാണ് ഉദ്യോഗസ്ഥരുടെ അപഹാസ്യമായ വാദം. പ‍ൗരന്മാരുടെ വോട്ടവകാശത്തെ അട്ടിമറിക്കുന്ന നിയമവിരുദ്ധമായ ര‍ീതിയാണിത്‌. രാഷ്ട്രീയ പാർടികളുടെ യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ അവതരിപ്പിച്ച തീയതി പ്രകാരം നാലുവരെ ഫോം വിതരണവും പൂരിപ്പിച്ചുവാങ്ങലും നടത്താം. ഡിസംബർ ഒമ്പതിനാണ്‌ കരട്‌ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക. പരാതികളും നിർദേശങ്ങളും ഒമ്പതു മുതൽ ജനുവരി എട്ടുവരെ അറിയിക്കാം. ഇ‍ൗ സമയത്തിനുമുമ്പായി പൂർത്തീകരിക്കണമെന്ന്‌ ചിലർ വാശിപിടിക്കുന്നതിൽ പാർടികൾക്കും ആശങ്കയുണ്ട്‌.


​ഫോം വിതരണം രണ്ടുകോടി കടന്നെന്ന്‌ സിഇഒ

​ഫോം വിതരണത്തിന്റെ പതിനൊന്നാം ദിവസമായ വെള്ളി വൈകിട്ട് ആറുവരെ രണ്ട് കോടിയിലധികം വോട്ടർമാർക്ക്‌ ( 79.06 ശതമാനം) എന്യൂമറേഷൻ ഫോം വിതരണംചെയ്തെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ. ഏഴ് ജില്ലകളിൽ 80 ശതമാനത്തിലധികം ഫോം വിതരണം ചെയ്തിട്ടുണ്ട്. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബിഎൽഒമാരും മുഴുവൻ ഡാറ്റയും അപ്‌ലോഡ്ചെയ്തിട്ടില്ലെന്നും യഥാർഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.


രാഷ്ട്രീയ പാർടികളുടെ യോഗം ഇന്ന്‌

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനാ നടപടികളിൽ ആശയക്കുഴപ്പം തുടരുന്നതിനിടെ നാലാമത‍ും രാഷ്ട്രീയ പാർടികളുടെ യോഗംവിളിച്ച്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫ-ീസർ (സിഇഒ). കഴിഞ്ഞ യോഗത്തിൽ ഫോം വിതരണവുമായി ബന്ധപ്പെട്ട്‌ നിരവധി പരാതികളായിരുന്നു രാഷ്ട്രീയ പാർടികൾ ഉന്നയിച്ചത്‌. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നടപടി നീട്ടിവയ്ക്കണമെന്നായിരുന്നു സിപിഐ എം, സിപിഐ, കോൺഗ്രസ്‌ പാർടികളുടെ നിലപാട്‌. എന്നാൽ നടപടികൾ ആരംഭിച്ചെന്നും മാറ്റിവയ്ക്കുന്നതിനെക്കുറിച്ച്‌ പറഞ്ഞിട്ട്‌ കാര്യമില്ലെന്നുമാണ്‌ സിഇഒ അറിയിച്ചത്‌.


നടപടികൾ ആരംഭിച്ചശേഷമുള്ള പുരോഗതികൾ പാർടി പ്രതിനിധികളുമായി പങ്കുവയ്ക്കാനാണ്‌ വീണ്ടും യോഗം വിളിക്കുന്നതെന്നാണ്‌ സൂചന. തിരുവനന്തപുരം മാസ്‌കോട്ട്‌ ഹോട്ടലിൽ ശനി പകൽ 11നാണ്‌ യോഗം.


തദ്ദേശ തെരഞ്ഞെടുപ്പിനിടയിലെ 
എസ്‌ഐആർ നിർത്തിവയ്‌ക്കണം: 
കെജിഒഎ

കേരളത്തിലെ മുഴുവൻ ഔദ്യോഗിക സംവിധാനവും തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചുമതലകൾ നിർവഹിക്കുന്ന ഘട്ടത്തിൽ എസ്‌ഐആർ നിർത്തിവയ്ക്കണമെന്ന് കെജിഒഎ, സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടു. ഭൂരിപക്ഷം ഗസറ്റഡ് ഓഫീസർമാരും ഏതെങ്കിലും തദ്ദേശഭരണ സ്ഥാപനത്തിലെ റിട്ടേണിങ്‌ ഓഫീസറോ രജിസ്ട്രേഷൻ ഓഫീസറോ ആണ്. ഇവരുടെ ഓഫീസിലെ ജീവനക്കാരും, മറ്റ് ഓഫീസുകളിലെ ജീവനക്കാരും സംയുക്തമായി പ്രവർത്തിച്ചാൽ മാത്രമേ കുറ്റമറ്റ രീതിയിൽ തെരഞ്ഞെടുപ്പു പൂർത്തീകരിക്കാൻ സാധിക്കൂ. ഇതേ ജീവനക്കാരെ തന്നെ എസ്‌ഐആറിന്‌ നിയോഗിക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പു പ്രക്രിയ അവതാളത്തിലാക്കും.


എസ്‌ഐആറിന്‌ വോട്ടർമാർ നൽകേണ്ട താമസ സർട്ടിഫിക്കറ്റുൾപ്പെടെ നൽകേണ്ടത് നഗരസഭ/പഞ്ചായത്ത് സെക്രട്ടറിമാരാണ്. കൂടാതെ തദ്ദേശ സ്ഥാപനങ്ങളിലെ ദൈനംദിന പ്രവർത്തനങ്ങളുമുണ്ട്‌. ഇതെല്ലാം ജീവനക്കാർക്ക് അമിതജോലി ഉണ്ടാക്കുന്നു. ജീവനക്കാരെ സമ്മർദത്തിലാക്കുന്ന അമിത ജോലി അടിച്ചേൽപ്പിക്കുന്നത്‌ അംഗീകരിക്കാനാവില്ല – കെജിഒഎ സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Home