ചട്ടിയിലിട്ട് ചൂടാക്കിയ വെടിയുണ്ട പൊട്ടിത്തെറിച്ചു; പൊലീസുകാരനെതിരെ നടപടിക്ക് ശുപാർശ

പ്രതീകാത്മക ചിത്രം
കൊച്ചി: പോലീസ് ക്യാമ്പിൽ വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കുമ്പോൾ പൊട്ടിത്തെറിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഉദ്യോഗസ്ഥന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് കണ്ടെത്തൽ. എആർ ക്യാമ്പിൽ ആയുധങ്ങളുടെ ചുമതലയുള്ള എസ്ഐ സി വി സജീവിന് സംഭവിച്ച പിഴവിൽ സിറ്റി പൊലീസ് കമ്മിഷണർക്ക് റിപ്പോർട്ട് കൈമാറി.
ഈ മാസം 10-ന് കൊച്ചി സിറ്റി എആർ ക്യാമ്പിലാണ് വെടിയുണ്ട പൊട്ടിത്തെറിച്ചത്. ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാര ചടങ്ങുകൾക്ക് ആകാശത്തേക്ക് വെടിവയ്ക്കാൻ ഉപയോഗിക്കുന്ന വെടിയുണ്ടയാണ് ബ്ലാങ്ക് അമ്യൂണിഷൻ. ഇതിനുമേൽ ക്ലാവും പൂപ്പലും ഉണ്ടാവുന്നത് കളയാൻ വെയിലിൽ നിശ്ചിത ചൂടിൽ തുറന്നു വെക്കുകയാണ് പതിവ്.
എന്നാൽ ഇതിന് പകരം ധൃതിപിടിച്ച് ചട്ടിയിൽ ഇട്ട് ചൂടാക്കിയെടുക്കാൻ ശ്രമിച്ചതാണ് പൊട്ടിത്തെറിക്കാൻ ഇടയാക്കിയത്. സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സംസ്കാരച്ചടങ്ങിൽ ആചാരവെടിവയ്ക്കാൻ പെട്ടെന്നു പോകേണ്ടതിനാൽ ചട്ടിയിൽ ഇട്ട് ചൂടാക്കിയതാണ് കണ്ടെത്തൽ.
സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ സംഭവത്തെക്കുറിച്ച് നേരത്തേ റിപ്പോർട്ട് തേടിയിരുന്നു. എആർ ക്യാമ്പ് കമാൻഡന്റിനായിരുന്നു അന്വേഷണ ചുമതല. ഉദ്യോഗസ്ഥന് വീഴ്ചയുണ്ടായതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
0 comments