Deshabhimani

വിഴിഞ്ഞം കോൺക്ലേവിൽ കേരളത്തിന്റെ ഭാ​ഗമായി ശശി തരൂർ പങ്കെടുത്തത് അത്ഭുതപ്പെടുത്തി; അദ്ദേഹത്തിന്റെ നിർദേശങ്ങൾ പരി​ഗണിക്കുമെന്നും മന്ത്രി പി രാജീവ്

p rajeev
വെബ് ഡെസ്ക്

Published on Feb 15, 2025, 02:40 PM | 2 min read

തിരുവനന്തപുരം : വിഴിഞ്ഞം കോൺക്ലേവിൽ മുഴുവൻ കേരളത്തിന്റെ ഭാ​ഗമായി ശശി തരൂർ പങ്കെടുത്തത് അത്ഭുതപ്പെടുത്തിയെന്ന് വ്യവസായ മന്ത്രി പി രാജീവ്. ശശി തരൂരിന്റേത് നാടിനെ സ്നേഹിക്കുന്ന ആളുടെ പ്രതികരണം. ഇൻവെസ്റ്റ്മെന്റ് പ്രൊട്ടക്ഷൻ ആക്ടിനെ സംബന്ധിച്ച് അദ്ദേഹം വച്ച നിർദേശം പരി​ഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ ഭാഗമായി നാടിന്റെ വികസനത്തിന് കേരളത്തിലെ മാധ്യമങ്ങളുടെ പിന്തുണ ഉറപ്പ് വരുത്തുന്നതിനായി സംഘടിപ്പിച്ച മീഡിയ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.


വ്യവസായ മേഖലയിലെ കേരളത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയെ പ്രകീർത്തിച്ച്‌ കോൺഗ്രസ്‌ പ്രവർത്തകസമിതിയംഗം ശശി തരൂർ എംപി. സ്റ്റാർട്ടപ്പ്‌ രംഗത്തുണ്ടായ അഭൂതപൂർവമായ വളർച്ച, വ്യവസായ അന്തരീക്ഷം അത്യന്തം അനുകൂലമാക്കിയ ‘ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌’ പട്ടികയിലെ ഒന്നാംസ്ഥാനം, ചുവപ്പുനാട മുറിച്ചുമാറ്റി വ്യവസായ സാഹചര്യമൊരുക്കൽ എന്നിവ തരൂർ ചൂണ്ടിക്കാട്ടി. ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിൽ വെള്ളിയാഴ്‌ച പ്രസിദ്ധീകരിച്ച ‘ചെയ്‌ഞ്ചിങ്‌ കേരള: ലംബറിങ്‌ ജംബോ ടു എ ലൈത് ടൈഗർ’ എന്ന ലേഖനത്തിലാണ്‌ കണക്കുകൾ ഉദ്ധരിച്ച്‌ പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ വ്യവസായ കുതിച്ചുചാട്ടം വിവരിച്ചത്‌.


കേരളത്തിൽ ഒന്നും നടക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെയും യുഡിഎഫ്‌ മാധ്യമങ്ങളുടെയും വ്യാജപ്രചാരണം പൊളിക്കുകയാണ്‌ തരൂർ. ലേഖനം സംബന്ധിച്ച്‌ പ്രതികരിക്കാൻ കോൺഗ്രസ്‌ നേതാക്കൾ തയ്യാറായില്ല.


സ്റ്റാർട്ടപ്പ്‌ മേഖലയിലുണ്ടായ കുതിപ്പ്‌ ലേഖനം എടുത്തുപറയുന്നു. ആഗോള സ്റ്റാർട്ടപ്പ്‌ ആവാസ വ്യവസ്ഥ റിപ്പോർട്ട്‌ (2024) പ്രകാരം സ്റ്റാർട്ടപ്പ്‌ മൂല്യം ആഗോള ശരാശരിയെക്കാൾ അഞ്ചിരട്ടിയായി. 45 ലക്ഷം കമ്പനികളിലെ ഡാറ്റ വിശകലനം ചെയ്‌തുള്ള റിപ്പോർട്ടാണിത്‌. കഴിഞ്ഞ 18 മാസത്തെ മൂല്യം 170 കോടി ഡോളർ. 2021–-23 ൽ ആഗോള വളർച്ച 46 ശതമാനമാണെങ്കിൽ കേരളം നേടിയത്‌ 254 ശതമാനം.


രണ്ട്‌ മിനിറ്റ്‌ കൊണ്ട്‌ വ്യവസായം തുടങ്ങാനുള്ള സംവിധാനമുണ്ടെന്ന്‌ മന്ത്രി പി രാജീവ്‌ പ്രഖ്യാപിച്ചത്‌ വലിയ നേട്ടമാണ്‌. വ്യവസായം തുടങ്ങാൻ അമേരിക്കയിലും സിംഗപ്പുരിലും മൂന്നുദിവസവും ഇന്ത്യയിൽ 114 ദിവസവും കേരളത്തിൽ 236 ദിവസവും വേണ്ടിയിരുന്നിടത്താണ്‌ അത്ഭുതകരമായ മാറ്റം.


ഏകജാലകത്തിലൂടെ അനുമതികൾ ലഭിക്കുമെന്നു മാത്രമല്ല, അത് കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടു നടപ്പാകുകയും ചെയ്യുന്നു. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിൽ 29 സംസ്ഥാനങ്ങളിൽ 28-ാം സ്ഥാനത്തായിരുന്ന കേരളം ഒന്നാമതെത്തിയിട്ടുണ്ട്. എഐ ഉൾപ്പെടെ വിജ്ഞാനാധിഷ്‌ഠിത വ്യവസായങ്ങളിൽ കേന്ദ്രീകരിക്കുന്ന പുതിയ വ്യവസായ നയം കേരളം നടപ്പാക്കി. ദൈവത്തിന്റെ സ്വന്തം നാട് ബിസിനസ്സിന്റെ കാര്യത്തിൽ ചെകുത്താന്റെ കളിസ്ഥലമാണെന്ന്‌ താൻ പറയാറുണ്ട്. അതിൽ മാറ്റം വന്നെങ്കിൽ അത് ആഘോഷിക്കേണ്ടതു തന്നെയാണ്.


വിജ്ഞാനാധിഷ്‌ഠിത വ്യവസായങ്ങളിൽ കേന്ദ്രീകരിക്കുന്ന നയം നടപ്പാക്കിയതും സംരംഭകവർഷം പദ്ധതിയിലൂടെ 2.9 ലക്ഷം എംഎസ്‌എംഇകൾ സ്ഥാപിച്ചതും തരൂർ എടുത്തുപറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home