കോൺഗ്രസ്- ജമാഅത്ത ഇസ്ലാമി കൂട്ടുകെട്ടിൽ പ്രതിഷേധം; മുതിർന്ന നേതാവ് സിപിഐ എമ്മിനൊപ്പം

കണ്ണൂർ: മതരാഷ്ട്രവാദികളായ ജമാ അത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള വർഗീയ ശക്തികളുമായുള്ള കോൺഗ്രസിന്റെ കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് കണ്ണൂർ ഡിസിസി അംഗമായിരുന്ന കെ വി രവീന്ദ്രനും കുടുംബവും സിപിഐ എമ്മിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. കണ്ണൂർ ബ്ലോക്ക് പ്രസിഡന്റും എടക്കാട് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു രവീന്ദ്രൻ. കോൺഗ്രസ് മതേതര നിലപാട് കൈവിട്ടുവെന്നും അധികാരത്തിന് വേണ്ടി എന്തും ചെയ്യുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്നും കെ വി രവീന്ദ്രൻ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ നിലപാട് പോലും തള്ളിയാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയെ കൂടെകൂട്ടാൻ കോൺഗ്രസ് തീരുമാനിച്ചത്. ജമാഅത്തെ ഇസ്ലാമി മാതൃകയാക്കുന്ന ആഗോള മുസ്ലിം തീവ്രവാദ സംഘടനയായ ബ്രദർഹുഡിനെ ഈയടുത്തും രാഹുൽ നിശിതമായി വിമർശിച്ചിരുന്നു. ഈജിപ്‌തിൽ രൂപമെടുത്ത ബ്രദർഹുഡിന് ജനാധിപത്യത്തിൽ വിശ്വാസമില്ലെന്നും ആർഎസിനെപ്പൊലെ ജനാധിപത്യം അട്ടിമറിക്കുന്നതാണ് നയമെന്നും ലണ്ടനിൽ കഴിഞ്ഞമാസം നടത്തിയ പ്രഭാഷണത്തിലാണ് രാഹുൽ ചൂണ്ടിക്കാട്ടിയത്.
എന്നാൽ ജമാഅത്തെ ഇസ്ലാമിയെ അകമഴിഞ്ഞ് ന്യായീകരിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ അടക്കം രംഗത്തെത്തികയായിരുന്നു. ജമാഅത്തെ ഇസ്ലാമി വർഗീയശക്തികളോ മതരാഷ്ട്രവാദികളോ അല്ലെന്നാണ് സതീശൻ പറഞ്ഞത്. യുഡിഎഫ് പിന്തുണ സ്വീകരിക്കുന്നതിൽ ഒരു തെറ്റുമില്ല. നിരുപാധിക പിന്തുണ ജമാഅത്തെ ഇസ്ലാമി നൽകിയിട്ടുണ്ടെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലും യുഡിഎഫിന് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നുവെന്നും സതീശൻ തുറന്നുസമ്മതിച്ചു. നിലമ്പൂർ തെരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയകക്ഷിയായ വെൽഫെയർ പാർടി യുഡിഎഫിന് പൂർണപിന്തുണ പ്രഖ്യാപിച്ചിരുന്നു.
0 comments