ശബരിമലയിൽ പതിനെട്ടാം പടി കയറി നേരിട്ട്‌ ദർശനം: 14 മുതൽ പുതിയ രീതി നടപ്പാക്കും

sabarimala
വെബ് ഡെസ്ക്

Published on Mar 08, 2025, 09:34 AM | 2 min read

പത്തനംതിട്ട: ശബരിമലയിൽ പതിനെട്ടാം പടി ചവിട്ടി കൊടിമരച്ചുവട്ടിലൂടെ നേരെ സോപാനത്ത്‌ കയറി ദർശനം നടത്താവുന്ന രീതി ഈ മാസം നടപ്പാക്കും. മീനമാസ പൂജകൾക്കായി നട തുറക്കുന്ന 14 മുതൽ പുതിയ രീതിയിൽ ദർശനസൗകര്യമൊരുക്കും. പതിനെട്ടാം പടി കയറിയെത്തുന്ന തീർഥാടകർക്ക് ഫ്ലൈ ഓവർ ഒഴിവാക്കി കൊടിമരത്തിന് ഇരുവശങ്ങളിലൂടെ ബലിക്കൽപ്പുര കയറി ദർശനം നടത്താനാവുന്ന തരത്തിലാണ്‌ പുതിയ ക്രമീകരണം. ഇതിനാവശ്യമായ നിർമാണം അവസാനഘട്ടത്തിലാണ്‌. സോപാനത്തിന് മുന്നിൽ പല ഉയരത്തിൽ സ്ഥാപിച്ചിരുന്ന പ്ലാറ്റ്ഫോം പൂർണമായി നീക്കി. കിഴക്കേ മണ്ഡപത്തിന്റെ വാതിൽ മുതൽ സോപാനം വരെ രണ്ടു വരികളായി കയറിപ്പോകാനുള്ള പ്ലാറ്റ്‌ഫോമിന്റെ നിർമാണം അവസാനഘട്ടത്തിലാണ്‌. തീർഥാടകർ ബലിക്കല്ലിൽ സ്പർശിക്കാതിരിക്കാൻ പ്രത്യേക മൂടിയും സ്ഥാപിക്കും.


ബലിക്കല്ലിന്റെ ഇരുവശങ്ങളിലൂടെ വരിയായി കടന്ന്‌ കിഴക്കേ വാതിൽ പ്രവേശിക്കുമ്പോൾ മുതൽ ദർശനം ലഭിക്കുന്ന വിധമാണ് പുതിയ സംവിധാനം. രണ്ടു വരികളേയും വേർതിരിക്കാൻ പ്രത്യേക രീതിയിൽ കാണിക്കവഞ്ചിയും നിർമിക്കും. ഒരു മിനിറ്റിൽ ശരാശരി 80 തീർഥാടകരാണ് പതിനെട്ടാംപടി ചവിട്ടുന്നത്. 15 മീറ്റർ വരുന്ന പുതിയ ക്യൂ സംവിധാനത്തിനുള്ളിൽ കുറഞ്ഞത് 30 സെക്കൻഡ്‌ അയ്യപ്പനെ കണ്ട് സുഗമായി നടന്നു നീങ്ങാൻ കഴിയുമെന്നാണ് ദേവസ്വം ബോർഡ് കണക്കുകൂട്ടുന്നത്. എല്ലാ തീർഥാടകർക്കും ഒരുപോലെ ദർശനം സാധ്യമാവുകയും ചെയ്യും. പൊലീസുകാർക്ക് തീർഥാടക നിയന്ത്രണത്തിന്‌ നിൽക്കാൻ കിഴക്കേ മണ്ഡപത്തിൽ വലത്‌ ഭാഗത്തുള്ള അഴികൾ തന്ത്രിയുടെ അനുമതിയോടെ പൊളിച്ച് ഉള്ളിലേക്ക് മാറ്റും. ഗണപതി ഹോമം നടക്കുന്ന മണ്ഡപത്തിൽ വശങ്ങളിലായി കൈവരികളും സ്ഥാപിക്കും.


ഈയാഴ്‌ച തന്നെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്‌. ഇരുമുടിക്കെട്ടില്ലാതെ വരുന്ന തീർഥാടകരെ വടക്കുഭാഗത്തുകൂടി ഇതേ ക്യൂവിലേക്ക്‌ തന്നെ കടത്തിവിട്ട് ദർശനം ഒരുക്കാനാണ് തീരുമാനം. വരികൾക്ക്‌ ഇടയിലായി നിർമിക്കുന്ന കാണിക്കവഞ്ചി കൺവേയർ ബെൽറ്റുമായി ബന്ധിപ്പിക്കും. ഇവിടെ നിക്ഷേപിക്കുന്ന പണം ബെൽറ്റിലൂടെ പഴയ ഭണ്ഡാരത്തിൽ എത്തുന്ന തരത്തിലാണ് ബന്ധിപ്പിക്കുക. നേരത്തെ മുൻഭാഗത്തെ വരിയിൽ നിൽക്കുന്നവർക്ക് മാത്രമായിരുന്നു കാണിക്ക ഇടാൻ കഴിഞ്ഞിരുന്നത്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ എല്ലാവർക്കും തിരുമുമ്പിലുള്ള വഞ്ചിയിൽ കാണിക്ക നിക്ഷേപിക്കാനാകും. മീനമാസ പൂജയ്ക്ക് നട തുറക്കുന്ന 14 മുതൽ തീർഥാടകരെ പുതിയ സംവിധാനത്തിലൂടെയാണ് കടത്തിവിടുന്നത്. തിരക്ക് കൂടുതലുള്ള ദിവസങ്ങളിൽ പുതിയ സംവിധാനത്തിലെ പോരായ്മകൾ കണ്ടെത്താനുള്ള നിരീക്ഷണവും നടത്തും.



deshabhimani section

Related News

0 comments
Sort by

Home