Deshabhimani

മകരവിളക്ക്‌ ; ലക്ഷങ്ങൾ സുരക്ഷിതമായി മലയിറങ്ങി

Sabarimala

ഫോട്ടോ : ജയകൃഷ്ണൻ ഓമല്ലൂർ

വെബ് ഡെസ്ക്

Published on Jan 15, 2025, 01:00 AM | 2 min read


ശബരിമല

തീർഥാടക ലക്ഷങ്ങൾ മകരവിളക്ക്‌ ദർശിച്ച്‌ സുരക്ഷിതരായി മലയിറങ്ങി. മകരവിളക്ക്‌ ദിവസങ്ങളിൽ തീർഥാടകരുടെ എണ്ണം ക്രമീകരിച്ചിരുന്നെങ്കിലും ദിവസങ്ങൾക്ക്‌ മുന്നേ എത്തി തമ്പടിച്ചവർ കൂടി ആയതോടെ സന്നിധാനവും പരിസരവുമാകെ തീർഥാടകരാൽ നിറഞ്ഞിരുന്നു. സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമായി രണ്ടു ലക്ഷത്തിലധികം പേർ തങ്ങിയതായാണ് പ്രാഥമിക കണക്ക്. ഇതുകൂടാതെ ശരണപാതയിലും പമ്പ ഹിൽടോപ്പ്, ചാലക്കയം, നിലയ്ക്കൽ, അട്ടത്തോട് തുടങ്ങിയ വ്യൂ പോയിന്റുകളിലും ആയിരക്കണക്കിന് പേരാണ് മകരവിളക്ക്‌ കാണാനെത്തിയത്.


മകരവിളക്ക്‌ ദിവസം വെർച്വൽ ക്യൂവഴി 40,000 പേർക്കും സ്‌പോട്ട് ബുക്കിങ്‌ വഴി 1,000 പേർക്കും മാത്രമാണ് സന്നിധാനത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകിയത്. നിലയ്ക്കലിൽനിന്നും രാവിലെ 10ന് ശേഷം കെഎസ്ആർടിസി ഉൾപ്പടെയുള്ള വാഹനങ്ങൾ പമ്പയിലേക്കും പകൽ 12ന് ശേഷം പമ്പയിൽ നിന്നും സന്നിധാനത്തേക്കും തീർഥാടകരെ കടത്തിവിടുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.


ലക്ഷക്കണക്കിന് തീർഥാടകർ എത്തിയിട്ടും പൊലീസും കേന്ദ്ര ദ്രുത കർമ സേനയും ദുരന്തനിവാരണ സേനയും വനപാലകരും അഗ്നിരക്ഷാ സേനയും സിവിൽ വളന്റിയർമാരും ചേർന്ന് തീർഥാടകരെ സുരക്ഷിതമായി മലയിറക്കി. മടക്കയാത്രയ്‌ക്ക്‌ ആവശ്യമായ ക്രമീകരണങ്ങൾ കെഎസ്‌ആർടിസി ഒരുക്കിയിരുന്നു. മടങ്ങിയ വാഹനങ്ങൾ തടസ്സമില്ലാതെ പോകുന്നതിന് മോട്ടോർ വാഹന വകുപ്പും രംഗത്തുണ്ടായിരുന്നു.


തീർഥാടനം കുറ്റമറ്റതാക്കിയത് ഒറ്റക്കെട്ടായ 
പ്രവർത്തനം: മന്ത്രി വി എൻ വാസവൻ

ദേവസ്വം ബോർഡ് ജീവനക്കാരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥരുടെയും സന്നദ്ധസംഘടനകളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഈ വർഷത്തെ ശബരിമല മണ്ഡല –- മകരവിളക്ക് തീർഥാടനകാലം കുറ്റമറ്റതാക്കാൻ കഴിഞ്ഞതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഹരിവരാസനം പുരസ്‌കാരവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആതിഥേയ സംസ്‌കാരത്തിൽ ഉന്നതവും ഉദാത്തവുമായ മാതൃക സൃഷ്ടിച്ചും നിലവാരം ഉയർത്തിയും തീർഥാടന കാലം പൂർണതയിലേക്ക് കടക്കുകയാണ്. തീർഥാടകർ കുറ്റവും കുറവും പരാതിയും പരിഭവവും പറയാത്ത തീർഥാടന കാലമാണിത്. ഊണും ഉറക്കവും ഉപേക്ഷിച്ച് ഇത് സാധ്യമാക്കിയ എല്ലാവരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

ലക്ഷക്കണക്കിന് തീർഥാടകർക്ക് മകരവിളക്ക് ദർശന സൗകര്യം ഒരുക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു. ശബരിമലയിൽ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാൻ നിരവധി സന്നദ്ധ സംഘടനകളും മുന്നോട്ടുവന്നു. തീർഥാടകരുടെ മടക്കയാത്രയ്ക്കുള്ള യാത്രാസൗകര്യങ്ങളും സജ്ജമാക്കി. മകരവിളക്കിനുശേഷം ഗുരുതിയോടെ ജനുവരി 20ന് നട അടയ്ക്കുന്നത് വരെയുള്ള സംവിധാനങ്ങളുടെ മുന്നൊരുക്കങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


ഹരിവരാസനം പുരസ്‌കാരം കൈതപ്രത്തിന് സമ്മാനിച്ചു

ദേവസ്വം വകുപ്പും തിരുവിതാംകൂർ ദേവസ്വം ബോർഡും നൽകുന്ന 2025 ലെ ഹരിവരാസനം പുരസ്‌കാരം കവിയും ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് -ദേവസ്വം മന്ത്രി വി എൻ വാസവൻ സമ്മാനിച്ചു.


ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ്‌ പുരസ്‌കാരം. ദേവസ്വം സ്‌പെഷ്യൽ സെക്രട്ടറി ടി വി അനുപമ, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമീഷണർ സി വി പ്രകാശ്, സംഗീതജ്ഞ ഡോ. കെ ഓമനക്കുട്ടി എന്നിവരടങ്ങുന്നതായിരുന്നു പുരസ്‌കാര നിർണയസമിതി. ചടങ്ങിൽ തമിഴ്നാട് ഹിന്ദുമത ധർമ്മസ്ഥാപന മന്ത്രി പി കെ ശേഖർ ബാബു മുഖ്യാതിഥിയായി. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനായി. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്, പത്തനംതിട്ട കലക്ടർ എസ് പ്രേംകൃഷ്ണൻ, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. എ അജികുമാർ, ജി സുന്ദരേശൻ, ദേവസ്വം കമീഷണർ സി വി പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. റവന്യൂ അഡീഷണൽ സെക്രട്ടറി ടി ആർ ജയപാൽ പ്രശസ്തിപത്രം വായിച്ചു.




deshabhimani section

Related News

0 comments
Sort by

Home