ആശുപത്രി സെക്യൂരിറ്റിയെ കയ്യേറ്റം ചെയ്ത് മാധ്യമപ്രവർത്തകർ; ജീവനക്കാർ പ്രതിഷേധിച്ചു

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മാധ്യമ പ്രവർത്തകർ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് ധർണ സംഘടിപ്പിച്ച് ജീവനക്കാർ. ആശുപത്രിയിലെ സ്‌റ്റാഫ് കൗൺസിൽ നേതൃത്വത്തിലായിരുന്നു പ്രതിഷേധ ധർണ സംഘടിപ്പിച്ചത്. റിപ്പോർട്ടർ ടിവി ജീവനക്കാരായിരുന്നു ആശുപത്രി ജീവനക്കാരന് നേരെ കയ്യേറ്റവുമായി എത്തിയത്.
കഴിഞ്ഞ ദിവസം ഉണ്ടായ പൊലീസ് അതിക്രമത്തിന് ഇരയായി ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തുലാപ്പള്ളി സ്വദേശി സിത്താരയുടെ പ്രതികരണം തേടാനെത്തിയ റിപ്പോർട്ടർ ചാനൽ പ്രവർത്തകർ സംഘർഷമുണ്ടാക്കുകയായിരുന്നു. ആശുപത്രി വാർഡിൽ ചികിത്സയിൽ കഴിയുന്നയാളുടെ വീഡിയോ എടുക്കുന്നതിന് ആശുപത്രി സൂപ്രണ്ടിന്റെ അനുമതി വേണമെന്ന് സെക്യൂരിറ്റി ജീവനക്കാരനായ അജയഘോഷ് പറഞ്ഞു. ഇത് ചോദ്യം ചെയ്‌ത് ചാനൽ റിപ്പോർട്ടറുടെ ഒപ്പമെത്തിയ ജീവനക്കാരൻ അജയഘോഷിനെ മർദിക്കുകയായിരുന്നു.
പ്രതിഷേധ ധർണ ഡോ. പി കെ സുഷമ ഉദ്‌ഘാടനം ചെയ്‌തു. സ്‌റ്റാഫ് സെക്രട്ടറി അജിത്‌കുമാർ അധക്ഷ്യനായി. കെജിഎൻഎ സംസ്ഥാന കമ്മിറ്റിയംഗം ഗീതാകുമാരി, നേഴ്‌സിങ് സൂപ്രണ്ട് ചന്ദ്രമതി, ആർഒ ജി സുധീഷ്, കെജിഎച്ച്‌ഡിഎസ് ജില്ലാസെക്രട്ടറി മനുലാൽ, അനിൽകുമാർ, ബി ബി ദിനേശ്, അജിത് പ്രഭാകർ എന്നിവർ സംസാരിച്ചു. സംഭവം സംബന്ധിച്ച് നടപടി ആവശ്യപ്പെട്ട് സൂപ്രണ്ട് ജില്ല പൊലീസ് ചീഫിന് പരാതി നൽകി.
Tags
Related News

0 comments