വികസനചിത്രം മാധ്യമങ്ങൾ മറച്ചുവയ്ക്കുന്നു : മുഖ്യമന്ത്രി

കോഴിക്കോട്
സംസ്ഥാനത്തിന്റെ വികസനചിത്രം നാടിനുമുന്നിൽ അവതരിപ്പിക്കാൻ ബാധ്യതപ്പെട്ടവർ പലപ്പോഴും മറ്റൊന്ന് അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച ജില്ലാ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ എന്തെല്ലാം മാറ്റങ്ങളുണ്ടായെന്ന ഭാഗം മാധ്യമങ്ങൾ അവതരിപ്പിക്കുന്നില്ല. നാടിന്റെ പുരോഗതികൊണ്ടാണ് സംസ്ഥാനത്തിന്റെ തനത് വരുമാനം വർധിപ്പിക്കാൻ കഴിഞ്ഞത്. ആഭ്യന്തര ഉൽപ്പാദനവും തനതുവരുമാനവും വർധിച്ചു. 2023–-24ൽ തനതുവരുമാനം 72.84 ശതമാനമായി.
അടുത്തവർഷത്തോടെ 10,000 സ്‌റ്റാർട്ട്‌അപ്പുകളൊരുക്കി ഒരുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. ഏതൊരു സംസ്ഥാനത്തിന്റെയും പൊതു ചെലവുകൾ നിർവഹിക്കുന്നത് സംസ്ഥാനംമാത്രമല്ല. കേന്ദ്രവിഹിതവും ചേർത്താണ്. എന്നാൽ വർഷംതോറും കേന്ദ്രവിഹിതം കുറയുകയാണ്. ചില സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ നല്ലപൊലെ സഹായിക്കുന്നത് കാണാം.
നവകേരളമെന്നത് സർവതലസ്‌പർശിയായ വികസനമാണ്. ഏതെങ്കിലും ഒരുവിഭാഗമല്ല, എല്ലാവരും വികസനത്തിന്റെ സ്വാദ് അനുഭവിക്കണം. നാം പറയുന്ന വികസിത നവകേരളം എന്നത് ഏതെങ്കിലും കാലത്ത് വരേണ്ടതല്ല, വർത്തമാനകാലത്ത് യാഥാർഥ്യമാവേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
0 comments