print edition ദുബായിൽ മുഖ്യമന്ത്രിയെ വരവേറ്റ് പതിനായിരങ്ങൾ

ദുബായിലെ അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ ‘കേരളോത്സവം' പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു
ദുബായ്
ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വരവേറ്റ് പതിനായിരങ്ങൾ. തിങ്കൾ വൈകിട്ട് അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ ‘കേരളോത്സവം' പരിപാടിയിൽ 40,000ൽ അധികം പ്രവാസി മലയാളികൾ പങ്കെടുത്തു. ക്ഷേമപദ്ധതികളാൽ പ്രവാസികളെ ചേർത്തുപിടിച്ച ജനനായകനെ കാണാൻ ഷാർജയടക്കമുള്ള എമിറേറ്റുകളിൽനിന്ന് പ്രവാസികൾ ഒഴുകിയെത്തി. യുഎഇയിലെ മലയാളികളുടെ ഏറ്റവും വലിയ ഒത്തുചേരലായി പരിപാടി മാറി.
കഴിഞ്ഞ ഒന്‍പതര വര്‍ഷത്തിൽ വിവിധ മേഖലകളിൽ കേരളം കൈവരിച്ച വികസന നേട്ടങ്ങൾ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കിഫ്ബി വഴി സംസ്ഥാനത്തുണ്ടായ വികസനക്കുതിപ്പ് കേരളത്തിൽ എല്ലായിടത്തും കാണാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോ. കെ പി ഹുസൈൻ അധ്യക്ഷനായി. കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി എ ജയതിലക്, എം എ യൂസഫലി, എൻ കെ കുഞ്ഞമ്മദ്, ഷിജു ബഷീർ എന്നിവർ സംസാരിച്ചു.
നേതൃത്വവുമായി കൂടിക്കാഴ്‌ച
അഞ്ച് ജിസിസി രാജ്യങ്ങളിലെ മന്ത്രിമാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്‌ച നടത്തി. കേരളത്തിന്റെ വിവിധ മേഖലകളിൽ നിക്ഷേപം നടത്താനുള്ള ചർച്ചകൾ നടന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. യുഎഇ ക്യാബിനറ്റ് മന്ത്രി മുഹമ്മദ് അബ്‌ദുള്ള അൽ ഖർഖാവി, സാമ്പത്തിക ടൂറിസം മന്ത്രി അബ്‌ദുള്ള ബിൻ തൗഖ് അൽ മർവി, വിദേശ വ്യാപാര മന്ത്രി ഡോ. ഥാനി ബിൻ അഹമ്മദ് അൽ സിയൂദി എന്നിവരുമായാണ് കൂടിക്കാഴ്‌ച നടത്തിയത്.








0 comments