ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന് തുടക്കം
യുജിസി അതിരുകടക്കരുത് : മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഫോട്ടോ: പി ദിലീപ്കുമാർ
കൊച്ചി
സംസ്ഥാന സർക്കാരിനുകീഴിലുള്ള സർവകലാശാലകളെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും അസ്ഥിരമാക്കാനാണ് കേന്ദ്രസർക്കാരും യുജിസിയും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് യുജിസിയുടെ 2025ലെ കരട് ചട്ടഭേദഗതിനിർദേശം. കുസാറ്റിൽ ദ്വിദിന ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമനിർമാണസഭ തയ്യാറാക്കുന്ന നിയമങ്ങൾക്ക് അനുസൃതമായാണ് സംസ്ഥാനത്തെ സർവകലാശാലകളുടെ പ്രവർത്തനം. യുജിസിയുടെയും കേന്ദ്രത്തിന്റെയും നിയന്ത്രണം സർവകലാശാലകളുടെ സ്വയംഭരണത്തെ ദുർബലപ്പെടുത്തും. ഇത്തരം നടപടികളിൽനിന്ന് അവർ പിന്മാറണം. സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെയും സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങളെയും മാനിക്കണം. അധ്യാപക നിയമനങ്ങൾക്കോ സമാന കാര്യങ്ങൾക്കോ മിനിമം യോഗ്യത നിശ്ചയിക്കുന്നതിൽ എതിർപ്പില്ല. എന്നാൽ, യുജിസി അതിരുകൾ ലംഘിക്കുന്നത് അംഗീകരിക്കാനാകില്ല. സർക്കാർസഹായത്തോടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തകർച്ചയ്‌ക്ക് ഇടയാക്കുന്നതും കൂടുതൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കടന്നുവരാൻ വഴിയൊരുക്കുന്നതുമാണ് യുജിസി ഇടപെടൽ. ഇത് സർവകലാശാലകളെ പ്രതികൂലമായി ബാധിക്കും. യുജിസിയുടെ കെട്ടുറപ്പിനെയും ബാധിക്കും.
ഭൂരിഭാഗം സർവകലാശാലകൾക്കും ഫണ്ട് നൽകുന്നത് സംസ്ഥാന സർക്കാരാണ്. കേന്ദ്രവിഹിതം വളരെ കുറവും. സംസ്ഥാനത്തിന് സാമ്പത്തിക വെല്ലുവിളികൾ ഉണ്ടെങ്കിലും ഉന്നതവിദ്യാഭ്യാസ മേഖലയ്‌ക്ക് നീക്കിവച്ച തുകയെ ബാധിക്കാത്തവിധമാണ് മുന്നോട്ടുപോകുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയുടെ പ്രാധാന്യം ഉൾക്കൊണ്ട്, സമഗ്രപരിഷ്‌കാരം ലക്ഷ്യമിട്ട് മൂന്ന് കമീഷനുകൾക്ക് രൂപം നൽകിയിട്ടുണ്ട്. സമിതി നിർദേശം നടപ്പാക്കിവരുകയാണ്. കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കുക എന്നതാണ് പരിഷ്‌കരണത്തിന്റെ രണ്ടാംഘട്ടം. തൊഴിൽ, വ്യവസായ ആവശ്യങ്ങൾക്ക് അനുസൃതമായി ഉന്നതവിദ്യാഭ്യാസ മേഖലയെ പുനഃസംഘടിപ്പിക്കണമെന്നും -മുഖ്യമന്ത്രി പറഞ്ഞു.
Related News

0 comments