കേരളം മുന്നേറുമ്പോൾ തടസ്സം നിൽക്കുന്ന ചിലരുണ്ട് : മുഖ്യമന്ത്രി

തൃശൂർ
കേരളം മുന്നേറുമ്പോൾ തടസ്സവാദമുന്നയിക്കുന്നത് വികസന വിരുദ്ധരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി തൃശൂർ കാസിനോ ഹോട്ടലിൽ നടന്ന ജില്ലാതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസനം ആഗ്രഹിക്കുന്നവരാണ് മഹാഭൂരിഭാഗവും. അവർ ഭേദചിന്തയില്ലാതെ പുരോഗതി ആഗ്രഹിക്കുന്നവരാണ്. വികസനം ഇപ്പോൾ വേണ്ടായെന്ന് ചിന്തിക്കുന്ന ഒരു ചെറുവിഭാഗമുണ്ട്. ഇവർ എന്തുകൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നതെന്ന് അറിയില്ല. പ്രധാന പദ്ധതികൾ വരുമ്പോൾ ഇപ്പോൾ വേണ്ടായെന്നാണ് അവരുടെ ചിന്ത. അങ്ങനെ ഉപേക്ഷിച്ചിരുന്നെങ്കിൽ കേരളത്തിൽ ഇന്ന് കാണുന്ന മുന്നേറ്റമുണ്ടാകില്ലായിരുന്നു.
നിരാശ ബാധിച്ച കാലത്താണ് 2016ൽ എൽഡിഎഫ് സർക്കാർ പ്രവർത്തനമാരംഭിച്ചത്. പ്രകടനപത്രിക വിശ്വാസത്തിലെടുത്ത ജനങ്ങൾ എൽഡിഎഫ് വരും എല്ലാം ശരിയാകുമെന്ന് ഏറ്റുപറഞ്ഞു. എല്ലാ നിലയ്‌ക്കും നല്ല പുരോഗതി നേടിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പുരോഗതിക്ക് കേന്ദ്ര സർക്കാരിൽ നിന്ന് പിന്തുണ ലഭിക്കേണ്ടതുണ്ട്.
ഒന്നിന് പിറകേ ഒന്നായാണ് ദുരന്തങ്ങളെത്തിയത്. കേരളം പോലുള്ള സംസ്ഥാനം തകരാൻ മറ്റൊന്നും വേണ്ടായിരുന്നു. കേന്ദ്രം സഹായിച്ചില്ലെന്ന് മാത്രമല്ല; വിദേശ രാജ്യങ്ങളുടെ സഹായവും തടഞ്ഞു. സർക്കാർ ജീവനക്കാരോട് സഹായം ചോദിച്ചപ്പോൾ കൊടുക്കരുതെന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം പറഞ്ഞു. കേരളത്തെ തകർക്കാൻ കേന്ദ്രത്തിനൊപ്പം പ്രതിപക്ഷവും കൂട്ടുചേരുന്ന അതിശയകരമായ അവസ്ഥയുണ്ടായി. പ്രതിസന്ധികൾ അതിജീവിച്ച കേരളത്തെ കണ്ട് മറ്റുള്ളവർ ആശ്ചര്യം കൊണ്ടപ്പോൾ നമുക്കതിൽ അതിശയമില്ലായിരുന്നു. ഒരുമയുണ്ടെങ്കിൽ അസാധ്യമായത് ഒന്നുമില്ലെന്ന് കാണിച്ചുകൊടുത്തു. കേന്ദ്രം സഹായം നൽകാതെയും വെട്ടിക്കുറച്ചും കടമെടുപ്പ് തടഞ്ഞും പ്രതിസന്ധിയിലാക്കിയപ്പോൾ തനത് വരുമാനം വർധിപ്പിച്ചാണ് അതിജിവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
0 comments