വർഗീയത ഉയർത്തുന്ന ഭീഷണികളെ ജനങ്ങളെ അണിനിരത്തി നേരിടും
ലീഗിന്റേത് ആത്മഹത്യാപരമായ നിലപാട് : മുഖ്യമന്ത്രി
കോടിയേരി ബാലകൃഷ്ണൻ നഗർ (ഹരിപ്പാട്)
മതരാഷ്ട്ര വാദികളായ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവരുമായി കൂട്ടുകൂടിയത് മുസ്ലിം ലീഗിന്റെ ആത്മഹത്യാപരമായ നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്ത് കോൺഗ്രസിന് ഉണ്ടായ അതേ അവസ്ഥയിലേക്കാണ് കേരളത്തിൽ ലീഗ് നീങ്ങുന്നത്. സിപിഐ എം ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുമ്പ് കോൺഗ്രസിന് സ്വാധീനമുണ്ടായിരുന്ന ഇടങ്ങളിലെല്ലാം ഇപ്പോൾ ബിജെപിയാണ് പ്രധാന ശക്തി. ഭൂരിപക്ഷ വർഗീയതയോട് വിട്ടുവീഴ്ച ചെയ്തതാണ് ഇതിന് കാരണം. ലീഗും ഇതേ പാതയിലേക്കാണ് നീങ്ങുന്നത്. മുസ്ലിം ജനവിഭാഗത്തിലെ ഭൂരിഭാഗവും ഈ മത രാഷ്ട്രവാദികളെ അംഗീകരിക്കുന്നില്ല. എന്നാൽ, ഇക്കൂട്ടരുമായി ലീഗ് തുറന്ന സഖ്യത്തിലായി. ജമാഅത്തെ ഇസ്ലാമിയുമായി നേരത്തെ ബന്ധമുണ്ടായിരുന്നു എന്ന് ലീഗ് സംസ്ഥാന പ്രസിഡന്റുതന്നെ സമ്മതിക്കുന്ന സ്ഥിതിയായി. മത ന്യൂനപക്ഷ ജനവിഭാഗത്തെ മതരാഷ്ട്ര വാദികളായ വർഗീയ ശക്തികളുടെ കൈയിലേക്ക് എറിഞ്ഞു കൊടുക്കലാണ് ഇത്.
സംഘപരിവാറും യുഡിഎഫും ഒന്നിച്ചുനിന്ന് ഇടതുപക്ഷത്തെ എതിർക്കുന്ന സ്ഥിതിയാണ്. ഈ സഖ്യത്തിനൊപ്പം മുമ്പ് ലീഗുമുണ്ടായിരുന്നു. വോട്ടിനും സീറ്റിനും വേണ്ടി ഇവർ ആരുമായും കൂട്ടുകൂടുന്ന അവസ്ഥയാണ്. മുമ്പ് പട്ടാമ്പിയിലും പാലക്കാടും വടകരയിലും ഇടതുപക്ഷത്തെ തോൽപ്പിക്കാൻ സംഘപരിവാറിന്റെ സഹായം തേടിയിരുന്ന ഇവർ ഇപ്പോൾ ബിജെപിയെ ജയിപ്പിക്കുമെന്ന രീതിയിലായി. മുമ്പ് നേമത്തും ഇപ്പോൾ തൃശൂർ ലോക്‌സഭാ സീറ്റിലും ഇതാണ് കണ്ടത്. ഇത്തരം ഒരു കച്ചവടത്തിനും സിപിഐ എം നിൽക്കില്ല. മതനിരപേക്ഷ ചിന്താഗതിക്കാരായ ജനങ്ങളെയാണ് ഇടതുപക്ഷം ആശ്രയിക്കുന്നത്. വർഗീയത ഉയർത്തുന്ന ഭീഷണികളെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
0 comments