തെളിവ് നിരത്തി മന്ത്രി ; മിണ്ടാട്ടമില്ലാതെ പ്രതിപക്ഷ നേതാവ്


മിൽജിത് രവീന്ദ്രൻ
Published on Feb 19, 2025, 01:03 AM | 1 min read
തിരുവനന്തപുരം : ആരോപണങ്ങൾക്ക് വ്യവസായ മന്ത്രി തെളിവ് നിരത്തി മറുപടി പറഞ്ഞതോടെ മിണ്ടാട്ടമില്ലാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചൊവ്വാഴ്‌ച മാധ്യമങ്ങളെ കാണാൻ കൂട്ടാക്കിയില്ല. ഉന്നയിച്ച ആരോപണമെല്ലാം വിഴുങ്ങി ഒരു വാർത്താക്കുറിപ്പിറക്കി. വികസനവിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും ആഗോള നിക്ഷേപക ഉച്ചകോടിയിൽ പങ്കെടുക്കുമെന്നും ഇതിൽ വ്യക്തമാക്കി.
പുതുതായി ആരംഭിച്ച സംരംഭങ്ങളുടെ പൂർണ പട്ടിക പുറത്തിറക്കണം എന്നുമാത്രമാണ് നിലവിലെ ആവശ്യം. ഒരു സംരംഭത്തിന് ഒരു ലക്ഷം നിക്ഷേപം കണക്കാക്കിയാൽ മൂന്നു ലക്ഷം സംരംഭങ്ങൾക്ക് ‘30,000 കോടി’ നിക്ഷേപംവരുമെന്നും അത് ജിഡിപിയിൽ പ്രതിഫലിച്ചില്ലെന്നുമായിരുന്നു സതീശന്റെ പ്രധാന ആരോപണം. ഒരു സംരംഭത്തിന് ഒരു ലക്ഷം കണക്കാക്കിയാൽ 3,000 കോടിയേ വരുമെന്നിരിക്കെയാണ് 30,000 കോടിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത്. നിക്ഷേപത്തുക ജിഡിപിയിൽ അതേപടി പ്രതിഫലിക്കില്ലെന്ന സാമ്പത്തികശാസ്‌ത്രത്തിന്റെ അടിസ്ഥാനതത്വവും മറന്നു.
ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചിക 2021ൽ നിർത്തലാക്കി എന്നായിരുന്നു മറ്റൊരു ആരോപണം. പുതിയ രീതിയിലാണ് സൂചിക കണക്കാക്കുന്നത്. റാങ്കിങ് നാല് കാറ്റഗറിയായാണ് മാറ്റിയത്. മുൻവർഷം സമാനമായി ഒന്നാമതെത്തിയ ആന്ധ്ര നൽകിയ പരസ്യമടക്കം മന്ത്രി പുറത്തുവിട്ടതും പ്രതിപക്ഷനേതാവിന് ക്ഷീണമായി.
കൊച്ചി മെട്രോയ്‌ക്കെതിരെ പി രാജീവ് സമരം ചെയ്‌തെന്ന ആരോപണം, ഇ ശ്രീധരൻ അന്ന് മാധ്യമങ്ങളോട് പറഞ്ഞ ദൃശ്യമടക്കം കണിച്ചാണ് പൊളിച്ചത്. മെട്രോ നിർമാണം ഡിഎംആർസിയെ ഏൽപ്പിക്കാതിരുന്നതിനെതിരെ മനുഷ്യച്ചങ്ങല എന്ന നിർദേശം ആദ്യം പറഞ്ഞത് പി രാജീവ് ആണെന്നും അന്ന് സമരം നടത്തിയതുകൊണ്ടാണ് കൊച്ചി മെട്രോ യാഥാർഥ്യമായതെന്നുമാണ് ശ്രീധരൻ പ്രതികരിച്ചത്. സ്‌റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയുടെ ആഗോള വളർച്ച 46 ശതമാനമായിരിക്കുമ്പോൾ കേരളത്തിൽ 254 ശതമാനമായിരുന്നു. ഇതേക്കുറിച്ചൊന്നും വാർത്താക്കുറിപ്പിൽ പരാമർശമില്ല.
0 comments