Deshabhimani

മദ്രാസിൽ ദാസേട്ടനൊപ്പം 
ട്രിപ്പിൾസ്‌ കറക്കം

p jayachandran with k j yesudas
വെബ് ഡെസ്ക്

Published on Jan 11, 2025, 01:00 AM | 1 min read

മലയാള ചലച്ചിത്ര ഗാനശാഖയുടെ രണ്ട്‌ സ്വരങ്ങൾ, യേശുദാസും പി ജയചന്ദ്രനും. 1958ൽ തിരുവനന്തപുരത്തു നടന്ന പ്രഥമ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ ശാസ്‌ത്രീയസംഗീതത്തിൽ ഒന്നാമതെത്തിയ യേശുദാസ് പാടുമ്പോൾ താളമിട്ടത്‌ മൃദംഗവാദനത്തിൽ ഒന്നാമതെത്തിയ പി ജയചന്ദ്രനായിരുന്നു.


ഹാർമോണിയം വായിച്ചത്‌ ശാസ്‌ത്രീയസംഗീതത്തിൽ രണ്ടാമനായ പി ഗോവിന്ദൻകുട്ടി(പിന്നീട്‌ ജി കെ പൂത്തോൾ എന്നപേരിൽ പ്രസിദ്ധനായ നാഗസ്വരകലാകാരൻ. 2022ൽ അന്തരിച്ചു). മത്സരത്തിന്‌ വന്നവരിൽനിന്ന്‌ പെട്ടെന്ന്‌ ചിലരെ സ്‌റ്റേജിലേക്ക്‌ വിളിച്ച്‌ സംഘടിപ്പിച്ചതായിരുന്നു ആ സംഗീതവിരുന്ന്‌.


ഇരുവരും തമ്മിൽ പരിചയപ്പെട്ടില്ല. യേശുദാസ് പിന്നീട്‌ കലോത്സവത്തിൽ മത്സരിച്ചതിനു രേഖകളില്ല. എന്നാൽ, തൊട്ടടുത്തവർഷം (1959) ലളിതഗാനത്തിൽ ജയചന്ദ്രൻ മത്സരിച്ച് ഒന്നാംസ്ഥാനം നേടി. ഭാവിയിൽ യേശുദാസ് ഗാനഗന്ധർവൻ എന്നറിയപ്പെട്ടു. ജയചന്ദ്രൻ ഭാവഗായകനായി.


1963ൽ ചേട്ടൻ സുധാകരൻ മദ്രാസിൽ (ഇപ്പോൾ ചെന്നൈ) ജോലിചെയ്‌തിരുന്ന കാലത്താണ്‌ ജയചന്ദ്രനും യേശുദാസും തമ്മിൽ പരിചയത്തിലാകുന്നത്‌. ജയചന്ദ്രൻ ഡിഗ്രി രണ്ടാംവർഷം പഠിക്കുന്നു. അവധിക്കാലത്ത്‌ ചേട്ടൻ ക്ഷണിച്ചതനുസരിച്ച്‌ മദ്രാസിന്‌ വണ്ടികയറി. ചേട്ടന്റെ അടുത്ത കൂട്ടുകാരനായിരുന്നു യേശുദാസ്‌. അങ്ങനെ ജയചന്ദ്രന്‌ യേശുദാസ്‌ "ദാസേട്ടൻ' ആയി.


p jayachandran with k j yesudas


മൂവരും ഒരുമിച്ച്‌ ബൈക്കിൽ "താജ്‌മഹൽ' സിനിമയ്‌ക്ക്‌ പോയതെല്ലാം ജയചന്ദ്രൻ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്‌. ആദ്യമായി റെക്കോഡിങ്‌ സ്‌റ്റുഡിയോയിൽ കൊണ്ടുപോയത്‌ യേശുദാസാണ്‌. ദേവരാജൻ മാഷ്‌ സംഗീതം ചെയ്‌ത "കാട്ടുപൂക്കൾ' ചിത്രത്തിന്‌ പാടാൻ പോയതായിരുന്നു യേശുദാസ്‌.


"മാണിക്യവീണയുമായെൻ മനസ്സിന്റെ താമരപ്പൂവിലുണർന്നവളെ...' "ഭരണി' സ്‌റ്റുഡിയോയിലായിരുന്നു റെക്കോഡിങ്‌. യേശുദാസ്‌ ജയചന്ദ്രനെ ദേവരാജൻ മാഷിന്‌ പരിചയപ്പെടുത്തി. അദ്ദേഹം ശ്രദ്ധിച്ചോ എന്നുപോലും ഇരുവർക്കും മനസ്സിലായില്ല. യേശുദാസ്‌ ലൈവായി പാടുന്നത്‌ കണ്ടു. ജയചന്ദ്രൻ നാട്ടിലേക്ക്‌ മടങ്ങി. പിന്നീട്‌ കുറേക്കാലം തമ്മിൽ കണ്ടിട്ടില്ല. യേശുദാസ്‌ വൈകാതെ തിരക്കുള്ള ഗായകനായി. കുറച്ചു വർഷത്തിനുള്ളിൽ ജയചന്ദ്രനും ഗായകനായി.

മദ്രാസിൽ താമസവുമായി. വല്ലപ്പോഴും ഏതെങ്കിലും പരിപാടികൾക്കിടയിൽ കാണുന്ന സുഹൃത്തുക്കളായി അവർ മാറി.



deshabhimani section

Related News

0 comments
Sort by

Home