ഇളങ്കോ നഗർ വേണ്ട; നാടിന്റെ ആദരവ് സ്നേഹപൂർവം നിരസിച്ച് കമീഷണർ

തൃശൂർ : ഗുണ്ടാ ആക്രമണത്തിന് അറുതി വരുത്താൻ മുൻകൈയ്യെടുത്ത സിറ്റി പൊലീസ് കമീഷണർ ഇളങ്കോയോട് നെല്ലങ്കരകാർ സ്നേഹം പ്രകടിപ്പിച്ചത് പ്രദേശത്തിന് ഇളങ്കോ നഗർ എന്ന് പേരിട്ടുകൊണ്ടാണ്. എന്നാൽ ഇക്കാര്യം അറിഞ്ഞപ്പോൾ തന്നെ പൊലീസ് കമീഷണർ സ്നേഹത്തോടെ ആ ബോർഡ് നീക്കം ചെയ്യുവാൻ പറയുകയും പ്രദേശവാസികൾ അനുസരിക്കുകയും ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചയോടെയാണ് ഗുണ്ടാ ആക്രമണം ഉണ്ടായത്. നെല്ലങ്കര വൈലോപ്പള്ളിയിലെ ഒരു വീട്ടിൽ ലഹരി പാർട്ടി നടക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് പ്രദേശത്ത് പൊലീസ് എത്തിയത്. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി നടന്ന ലഹരിപാർട്ടിയിൽ ബഹളം ഉണ്ടായതിനെ തുടർന്ന് സമീപവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
നിയന്ത്രിക്കാനെത്തിയ പൊലീസുകാർക്ക് നേരെ ആക്രമണമുണ്ടായി. മൂന്ന് പൊലീസ് ജീപ്പുകൾ അക്രമികൾ അടിച്ചു തകർക്കുകയും. ആക്രമണത്തിൽ നാല് പൊലീസുകാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
പതിനഞ്ച് പേരുടെ സംഘമാണ് പൊലീസിനെ ആക്രമിച്ചത് എന്നാണ് വിവരം. സംഭവത്തിൽ ആറു പേരെ കസ്റ്റഡിയിലെടുത്തു. മുഹമ്മദ് അൽത്താഫ്, അൽ അഹ്ദിൻ, ഇവിൻ ആന്റണി, ബ്രഹ്മജിത്ത്, ആഷ്വിൻ ആന്റണി, ഷാർബൽ എന്നിവരാണ് പിടിയിലായത്. തൃശൂർ സിറ്റി പൊലീസ് കമീഷണർ സ്ഥലത്തെത്തി തെളിവെടുപ്പും നടത്തിയിരുന്നു.
പ്രദേശം ശാന്തമാക്കുവാൻ ശക്തമയി പരിശ്രമിച്ച കമീഷണറോടുള്ള ആദരവായിട്ടാണ് പ്രദേശത്തിന് പേരിട്ടതെന്നും നാട്ടുകാർ മാധ്യമങ്ങളോട് പറഞ്ഞു.
0 comments