ഗതികെട്ട്‌ തടിതപ്പി പ്രതിപക്ഷം

niyamasabha
avatar
മിൽജിത്‌ രവീന്ദ്രൻ

Published on Mar 05, 2025, 02:15 AM | 1 min read


തിരുവനന്തപുരം : ആശാവർക്കർമാരുടെ വിഷയവുമായെത്തി സഭയിൽ കൈപൊള്ളിയതിന്റെ ദേഷ്യത്തിൽ നടപടികൾ അലങ്കോലമാക്കി പ്രതിപക്ഷം. കഴിഞ്ഞതവണ സഭയിൽ കാണിച്ച അതേ ബാനറും പ്ലക്കാർഡും ഉയർത്തിയായിരുന്നു പ്രതിപക്ഷ ബഹളം. ഐഎൻടിയുസി നിലപാടിനെ മറികടന്ന്‌ എസ്‌യുസിഐയുടെ ആശാസമരത്തിന്‌ നൽകിയ പിന്തുണയുടെ ഭാഗമായാണ്‌ വിഷയം സഭ നിർത്തിവച്ച്‌ ചർച്ചചെയ്യാനുള്ള ഉപക്ഷേപമായി പ്രതിപക്ഷം അവതരിപ്പിച്ചത്‌.


സഭ പുനരാരംഭിക്കുന്ന ദിവസംതന്നെ ആശമാരുടെ വിഷയം ഉന്നയിക്കുമെന്ന്‌ യുഡിഎഫ്‌ പത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതു കണക്കാക്കി എസ്‌യുസിഐ നിയമസഭാ മാർച്ചിന്‌ ആഹ്വാനം ചെയ്‌തു. പൊള്ളത്തരം വെളിവാകുമെന്ന്‌ ബോധ്യപ്പെട്ടതോടെ ആദ്യദിനം അതിൽനിന്ന്‌ പിൻവാങ്ങിയ പ്രതിപക്ഷം സഭ താൽക്കാലികമായി പിരിയുന്ന ദിവസം വിഷയവുമായെത്തുകയായിരുന്നു. തിങ്കളാഴ്ചതന്നെ ആശമാരുടെ വിഷയം കെ ശാന്തകുമാരി ശ്രദ്ധക്ഷണിക്കലായി ഉന്നയിക്കുകയും മന്ത്രി വിശദമായി മറുപടി നൽകുകയും ചെയ്തിരുന്നു.


കഴിഞ്ഞ തവണ സഭ അലങ്കോലമാക്കിയതിന്റെ ആവർത്തനമായിരുന്നു ഇത്തവണയും. കഴിഞ്ഞ തവണ ഉയർത്തിയ ‘സ്പീക്കർ നീതി പാലിക്കുക’ എന്ന അതേ ബാനറും പ്ലക്കാർഡുമായാണ്‌ പ്രതിപക്ഷം സഭയിലെത്തിയത്‌. നടപടികൾ അലങ്കോലപ്പെടുത്തുകയെന്ന പ്ലാനിന്റെ ഭാഗമായിരുന്നു ഇത്‌.


സഭയെ തെറ്റിദ്ധരിപ്പിച്ചും ഭരണപക്ഷത്തെ പ്രകോപിപ്പിച്ചുമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ ഉപക്ഷേപ അവതരണം. രാഹുലിന്റെ കള്ളങ്ങൾ ഓരോന്നായി പൊളിച്ചും കോൺഗ്രസിന്റെ ഗതികേട്‌ തുറന്നുകാട്ടിയും മന്ത്രി വീണാ ജോർജിന്റെ മറുപടി. എസ്‌യുസിഐയുടെ നാവായി പ്രമേയാവതാരകൻ മാറിയത്‌ ഗതികേടാണെന്ന്‌ മന്ത്രി ഓർമിപ്പിച്ചു. ഇതോടെ പ്രതിപക്ഷം അസ്വസ്ഥരായി. പ്രതിപക്ഷ നേതാവിന്റെ വാക്ക്‌ ഔട്ട്‌ പ്രസംഗത്തിൽ അത്‌ പ്രകടവുമായി.


പ്രസംഗം പത്തുമിനിട്ട്‌ ആയപ്പോൾ സമയം ഓർമിപ്പിച്ച സ്‌പീക്കർക്കെതിരെ സതീശൻ തിരിഞ്ഞു. പ്രസംഗം അവസാനിപ്പിക്കില്ലെന്നും തുടരുമെന്നും വെല്ലുവിളിച്ചു. സഭയിൽ സംസാരിക്കുന്നതിന്‌ സമയക്രമമുണ്ടെന്നും ബാക്കി പുറത്തുപറയാമെന്നും സ്‌പീക്കർ പറഞ്ഞു. അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ അടുത്ത നടപടിയുമായി മുന്നോട്ടുപോകുമെന്നും പ്രസംഗം പതിനൊന്ന്‌ മിനിട്ടായപ്പോൾ സ്‌പീക്കർ പറഞ്ഞു. ഇതോടെ പ്രതിപക്ഷാംഗങ്ങൾ സ്‌പീക്കർക്കെതിരെ മുദ്രാവാക്യം വിളിച്ച്‌ നടുത്തളത്തിലിറങ്ങി. അതോടെ സ്‌പീക്കർ അടുത്ത നടപടികളിലേക്കു കടന്നു. നടപടികൾ പൂർത്തിയാക്കി സഭ പിരിയുകയാണെന്ന്‌ സ്‌പീക്കർ അറിയിച്ചു.



deshabhimani section

Related News

0 comments
Sort by

Home