നിമിഷപ്രിയയുടെ മോചനം ; യമൻ പൗരന്റെ കുടുംബവുമായി ചർച്ച നടത്തി ഇറാൻ
ന്യൂഡൽഹി
വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് യമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയക്കുവേണ്ടി ഇടപെടാമെന്ന വാഗ്‌ദാനം പാലിച്ച് ഇറാൻ. കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്ദുൾ മഹ്ദിയുടെ കുടുംബത്തെ യമനിലെ ഇറാൻ എംബസിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ ബന്ധപ്പെട്ടെന്ന് റിപ്പോർട്ട്. 30 ലക്ഷം രൂപയ്‌ക്ക് തുല്യമായ "ബ്ലഡ് മണി' തയാറാണെന്നും നിമിഷപ്രിയയ്‌ക്ക് മാപ്പ് നൽകണമെന്നും ആവശ്യപ്പെട്ട് കുടുംബവുമായി ചർച്ച തുടങ്ങിയെന്നും പ്രതീക്ഷയുണ്ടെന്നും ഇറാൻ വൃത്തങ്ങൾ പറഞ്ഞു.
ഹൂതി വിമതരെ പിന്തുണയ്‌ക്കുന്ന ഇറാൻ വിഷയത്തിൽ ഇടപെട്ടതോടെ നിമിഷപ്രിയയുടെ മോചനത്തിന് സാധ്യത തെളിഞ്ഞിട്ടുണ്ട്. യമൻ തലസ്ഥാനമായ സനയടക്കം ഹൂതി നിയന്ത്രണത്തിലാണ്. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പ്രസിഡന്റ് അനുമതി നൽകിയെന്ന നിലയിൽ പ്രചരിച്ച റിപ്പോർട്ട് ഡൽഹിയിലെ യമൻ എംബസി തള്ളിയിരുന്നു. നിമിഷപ്രിയ ഹൂതി വിമതരുടെ കസ്‌റ്റഡിയിലാണെന്നും കേസ് കൈകാര്യം ചെയ്യുന്നത് അവരാണെന്നും എംബസി വ്യക്തമാക്കി. തുടർന്നാണ് ഇറാൻ വഴിയുള്ള ഇടപെടലിന് വഴിതെളിഞ്ഞത്. സംസ്ഥാന സർക്കാരിന്റെ തുടർ സമ്മർദങ്ങളെ തുടർന്ന് ഹൂതികളുമായി ചർച്ച നടത്താൻ ഇറാനോട് കേന്ദ്രസർക്കാർ അനൗദ്യോഗികമായി അഭ്യർഥിച്ചിരുന്നതായും വിവരമുണ്ട്.
0 comments