അളിയൻ നിയമനം; സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയാണ് രാജിവയ്‍ക്കേണ്ടത്: എം വി ഗോവിന്ദൻ

തിരുവനന്തപുരം: അളിയൻ ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കി സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി സണ്ണി ജോസഫാണ് രാജിവയ്‍ക്കേണ്ടതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മൂന്നാഴ്ചത്തെ ഭരണം കൊണ്ട് യുഡിഎഫ്, വാഗ്ദാന ലംഘനങ്ങളും ജനവിരുദ്ധ നിലപാടുകളുമാണ് സ്വീകരിച്ചത്. ബന്ധുനിയമനങ്ങളടക്കം നടത്തി. വിവാദമായതോടെ ഗത്യന്തരമില്ലാതെ രാജിവെപ്പിക്കുകയായിരുന്നു. ശരിക്കും മന്ത്രിയാണ് രാജിവെക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അളിയൻ ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിൽ നിയമപ്രശ്നങ്ങളില്ലെന്നും വിവാദം ഒഴിവാക്കാനാണ് രാജിയെന്നുമാണ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞത്. അതേസമയം വിവാദമുയർന്നതോടെ മന്ത്രി ഓഫീസിൽനിന്ന് രാജിവച്ച അളിയൻ ബെന്നി തോമസിനെ, വിജിലൻസ് കേസിൽനിന്നുവരെ കെപിസിസി പ്രസിഡന്റ് കൂടിയായ സണ്ണി ജോസഫ് രക്ഷപ്പെടുത്തിയതായാണ് ആക്ഷേപം. 2000-ത്തിൽ ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ പരിക്കളം എന്ന സ്ഥലത്ത് കുളം കുഴിച്ചതിൽ അഴിമതി ആരോപണം ഉയർന്നിരുന്നു. നാട്ടുകാരുടെ പരാതിയിൽ വിജിലൻസ് കേസെടുത്തു. എന്നാൽ, പിന്നീട് വന്ന ഉമ്മൻചാണ്ടി സർക്കാരിൽ സമ്മർദം ചെലുത്തി സണ്ണി ജോസഫ് അളിയനെ ‘കുറ്റവിമുക്തനാക്കി’.
അതിനിടയിൽ, കുടുംബങ്ങൾക്കെല്ലാം സണ്ണി ജോലി തരപ്പെടുത്തിയെന്ന ആരോപണവും കോൺഗ്രസിൽ പുകയുകയാണ്. മുമ്പുതന്നെ എതിർഗ്രൂപ്പുകാർ ഇക്കാര്യം പറഞ്ഞതാണെങ്കിലും ബെന്നി തോമസിന്റെ രാജിയോടെ, അവിഹിത ഇടപാടുകൾ വീണ്ടും ചർച്ചയായി.










0 comments